BJP ഇതര സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേരണം

ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ജനാധിപത്യവിരുദ്ധമായ പ്രവർത്തനത്തിനെതിരെ തമിഴ്‌നാട് നടത്തുന്ന ചെറുത്ത് നിൽപ്പുകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പ്രതിപക്ഷം ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ യോഗം ചേർന്ന് അടുത്ത നടപടി തീരുമാനിക്കാൻ ബാനർജി നിർദ്ദേശിച്ചതായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

“ബിജെപി ഇതര ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ ജനാധിപത്യവിരുദ്ധമായ പ്രവർത്തനത്തിനെതിരായ ഞങ്ങളുടെ ചെറുത്ത് നില്പിനോട് ഐക്യദാർഢ്യവും ആദരവും അറിയിക്കാൻ ബഹുമാനപ്പെട്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നോട് ഫോണിൽ സംസാരിച്ചു, അടുത്ത നടപടി തീരുമാനിക്കാൻ എല്ലാ പ്രതിപക്ഷ മുഖ്യമന്ത്രിമാരും യോഗം ചേരാൻ നിർദ്ദേശിച്ചു,”- സ്റ്റാലിൻ ഒരു ട്വീറ്റിൽ പറഞ്ഞു.

സംസ്ഥാന ബില്ലുകൾക്ക് ഗവർണർമാരുടെ അനുമതി നൽകാനുള്ള സമയപരിധി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ അടുത്തിടെ പ്രമേയം പാസാക്കിയിരുന്നു. സ്റ്റാലിൻ ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അതത് സംസ്ഥാനങ്ങളിൽ ഇത് ചെയ്യാൻ കത്തെഴുതിയിരുന്നു. ഇന്ത്യൻ ജനാധിപത്യം ഇന്ന് ഒരു വഴിത്തിരിവിലാണ് നിൽക്കുന്നതെന്നും സഹകരണ ഫെഡറലിസത്തിന്റെ അസ്തമിക്കലിന് നാം കൂടുതൽ സാക്ഷ്യം വഹിക്കുന്നുവെന്നും സ്റ്റാലിൻ തന്റെ കത്തിലൂടെ അവകാശപ്പെട്ടു.

മമത ബാനർജിക്ക് മുമ്പ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും കേരള മുഖ്യമന്ത്രി പിണറായി വിജയനും സ്റ്റാലിനുമായി വിഷയം ചർച്ച ചെയ്തിരുന്നു. അടുത്ത നിയമസഭാ സമ്മേളനത്തിൽ തന്റെ സർക്കാർ അത് ചെയ്യുമെന്ന് കെജ്‌രിവാൾ പറഞ്ഞപ്പോൾ, തന്റെ സർക്കാർ സ്റ്റാലിന്റെ നിർദ്ദേശം “വളരെ ഗൗരവത്തോടെ” പരിഗണിക്കുമെന്ന് പിണറായി വിജയനും അറിയിച്ചു.