സുഡാനിൽ കൊല്ലപ്പെട്ട മലയാളിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകും; കേന്ദ്രം

അക്രമം രൂക്ഷമായ സുഡാനിന്റെ തലസ്ഥാന നഗരമായ ഖാർത്തൂമിൽ വെടിയേറ്റ് മരിച്ച ഇന്ത്യൻ പൗരന്റെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കേരളത്തിലെ കണ്ണൂർ ജില്ലയിൽ നിന്നുള്ള ആൽബർട്ട് അഗസ്‌റ്റിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും നൽകുമെന്നും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

കൊല്ലപ്പെട്ട അഗസ്‌റ്റിന്റെ പിതാവുമായും മന്ത്രി സംസാരിച്ചതായി സർക്കാർ പ്രസ്‌താവനയിൽ പറയുന്നു. സുഡാനിൽ ഒപ്പമുണ്ടായിരുന്ന അഗസ്‌റ്റിന്റെ ഭാര്യയും മകളും സുരക്ഷിതരാണെന്നും തുടർനടപടികൾ ഏകോപിപ്പിക്കാൻ സുഡാനിലെ ഇന്ത്യൻ എംബസിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കാനഡയിലുള്ള മകനോട് ഫോണിൽ സംസാരിക്കുന്നതിനിടെയാണ് അഗസ്‌റ്റിന് വെടിയേറ്റതെന്ന് ബന്ധുക്കൾ കേരളത്തിലെ ടിവി ചാനലുകളോട് പറഞ്ഞു. ദാരുണമായ സംഭവം നടക്കുമ്പോൾ ഇയാൾ വീടിനുള്ളിലായിരുന്നു. സുഡാനിലെ ദാൽ ഗ്രൂപ്പ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അഗസ്‌റ്റിൻ.

അതിനിടെ, അഗസ്‌റ്റിന്റെ ഭൗതിക ശരീരം ഇന്ത്യയിലെത്തിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

അതേസമയം, അർദ്ധസൈനിക വിഭാഗവും സുഡാൻ സൈന്യവും തമ്മിലുള്ള സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഖാർതൂമിലെ വിവിധ പ്രദേശങ്ങളിൽ സ്ഫോടനങ്ങളും ഏറ്റുമുട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടു. ഔദ്യോഗിക കണക്കുകൾ പ്രകാരം പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് സ്ഥിരതാമസമാക്കിയ 1,200 പേർ ഉൾപ്പെടെ ആകെ 4,000 ഇന്ത്യക്കാരാണ് സുഡാനിലുള്ളത്.

2021 ഒക്ടോബറിൽ ഒരു അട്ടിമറിയിലൂടെ സുഡാനിന്റെ സൈന്യം അധികാരം പിടിച്ചെടുത്തിരുന്നു, അതിനുശേഷം അവർ ഒരു പരമാധികാര കൗൺസിലിലൂടെ രാജ്യം ഭരിക്കുന്നു. ഇതിനിടെ സിവിലിയൻ സർക്കാരിന് അധികാരം കൈമാറുന്നതിനുള്ള നിർദിഷ്‌ട സമയക്രമത്തെച്ചൊല്ലിയാണ് സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ തർക്കം നിലനിൽക്കുന്നത്.