പിറന്നാള്‍ ആഘോഷത്തിന് തൊട്ടുപിന്നാലെ കാമുകിയെ യുവാവ് കഴുത്തറുത്ത് കൊന്നു. 24 കാരിയായ നവ്യയാണ് മരിച്ചത്. യുവതിയുടെ കാമുകനായ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ആറ് വര്‍ഷമായി പ്രണയത്തിലായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് അരുംകൊലയിലേക്ക് നയിച്ചത്. ബെംഗളൂരുവിലെ ലഗ്ഗെരെയിലാണ് സംഭവം.
നവ്യ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ ക്ലര്‍ക്ക് ആയിരുന്നു.കനക്പൂര്‍ സ്വദേശിയാണ് പ്രശാന്ത്. ഇവരുടെ ബന്ധത്തെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. മറ്റൊരാളുമായി നവ്യയ്ക്ക് ബന്ധമുണ്ടെന്ന പ്രശാന്തിന് സംശയം തോന്നിയതോടെ ഇവര്‍ക്കിടെയില്‍ വഴക്ക് പതിവായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു നവ്യയുടെ പിറന്നാള്‍. എന്നാല്‍ ചില തിരക്കുകള്‍ കാരണം ആഘോഷങ്ങള്‍ക്കെത്താന്‍ പ്രശാന്തിന് കഴിഞ്ഞില്ല. ഇതോടെ വ്യാഴാഴ്ച തന്റെ വീട്ടിലേക്ക് ഇയാള്‍ യുവതിയെ ക്ഷണിക്കുകയായിരുന്നു. പിറന്നാള്‍ ആഘോഷത്തിനായി മുറിയില്‍ ബലൂണുകള്‍ ഉള്‍പ്പെടെ നിറച്ച് അലങ്കരിച്ചിരുന്നു. പിന്നാലെ കേക്ക് മുറിക്കാന്‍ നവ്യയെ വിളിച്ചു. പരസ്പരം കേക്ക് പങ്കിട്ടതിന് പിന്നാലെ പ്രശാന്ത് അടുക്കളയില്‍ പോയി കത്തിയെടുത്ത് വന്ന് നവ്യയുടെ കഴുത്തറുക്കുകയായിരുന്നു.
കൊലപാതകം നടത്തിയ ശേഷം പ്രതി അവിടെ നിന്നും രക്ഷപ്പെട്ടു.അതേസമയം നവ്യ വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസ് സ്റ്റേഷനില്‍ മിസ്സിംഗ് കേസ് രജിസ്റ്റര്‍ ചെയ്തു.ഫോണ്‍ ലൊക്കേഷ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രശാന്തിന്റെ വീട്ടിലേക്ക് പൊലീസെത്തി. മുറിയില്‍ നിന്ന് നവ്യയുടെ മൃതദേഹവും പൊലീസ് കണ്ടെത്തി. പിന്നാലെ നടത്തിയ തിരച്ചിലില്‍ പ്രശാന്തിനെ അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതായി പ്രതി സമ്മതിച്ചിട്ടുണ്ട്. നവ്യയുടെ മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റി.