ജാർഖണ്ഡിലെ ജംഷഡ്പൂരിൽ ഞായറാഴ്ച ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷഷത്തെ തുടർന്ന് വ്യാപക ആക്രമണം ഉണ്ടായി. രാമനവമി പതാകയെ ചൊല്ലിയാണ് സംഘഷം ഉണ്ടായത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
സംഘർഷത്തിനിടെ കടകൾക്കും വാഹനങ്ങൾക്കും തീയിട്ടതിനെ തുടർന്ന് ജംഷഡ്പൂരിലെ ശാസ്ത്രിനഗറിൽ സിആർപിസി സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ നിലവിലുണ്ട്. ഒരു പ്രാദേശിക സംഘടനയിലെ അംഗങ്ങൾ രാമനവമി പതാകയെ അവഹേളിച്ചുവെന്ന് കണ്ടെത്തിയതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടാവുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചില സാമൂഹിക വിരുദ്ധർ സമാധാനം തകർക്കാൻ ശ്രമിക്കുന്നുണ്ടെന്നും അവരുടെ ഗൂഢാലോചന പരാജയപ്പെടുത്താൻ ജനങ്ങളുടെ സഹകരണം തേടുന്നതായും ഈസ്റ്റ് സിംഗ്ഭും ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ വിജയ ജാദവ് പിടിഐയോട് പറഞ്ഞു.
”സിആർപിസിയുടെ സെക്ഷൻ 144 പ്രകാരമുള്ള നിരോധന ഉത്തരവുകൾ പ്രദേശത്ത് കർശനമാക്കിയിരിക്കുന്നു,” സബ് ഡിവിഷണൽ ഓഫീസർ (ധൽഭും) പിയൂഷ് സിൻഹ പിടിഐയോട് പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. ക്രമസമാധാനപാലനത്തിനായി മതിയായ പോലീസ് സേനയെ ശാസ്ത്രിനഗറിൽ വിന്യസിച്ചിട്ടുണ്ട്.