തെലങ്കാന BJP അധ്യക്ഷന്‍ പൊലീസ് കസ്റ്റഡിയില്‍, നീക്കം പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന് മുന്നോടിയായി; ആരോപണവുമായി ബിജെപി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം കരിംനഗറിലെ വസതിയിലെത്തിയാണ് പൊലീസ് നടപടി. സംഭവത്തിന് പിന്നാലെ പൊലീസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന നേതൃത്വം രംഗത്തെത്തി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബന്ദി സഞ്ജയ്യെ അര്‍ധരാത്രിയോടെ പൊലീസ് കസ്റ്റഡിയിലെടുത്തെന്നും കരിംനഗറിലെ വസതിയില്‍ നിന്ന് നിയമവിരുദ്ധമായാണ് തടവിലാക്കിയതെന്നും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രേമേന്ദര്‍ റെഡ്ഡി പറഞ്ഞു. ‘അവര്‍ക്ക് രാവിലെ നിയമനടപടികള്‍ ആരംഭിക്കാമായിരുന്നു. ബണ്ടി സഞ്ജയ് എവിടെ പോകാനാണ്? ഇത് തെലങ്കാനയിലെത്തുന്ന പ്രധാനമന്ത്രി മോദിയുടെ പരിപാടിയെ തടസ്സപ്പെടുത്താനല്ലാതെ മറ്റൊന്നിനുമല്ല,’ റെഡ്ഡി ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഏപ്രില്‍ 8 ന് സംസ്ഥാനം സന്ദര്‍ശിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. സെക്കന്തരാബാദില്‍ നിന്ന് തിരുപ്പതിയിലേക്കുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രി തെലങ്കാനയിലെത്തുന്നത്. കൂടാതെ മറ്റ് വികസന പദ്ധതികള്‍ക്കും അദ്ദേഹം തുടക്കം കുറിക്കും.