രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറക്കുന്നു, തുച്ഛമായ നിരക്കിൽ സന്ദർശിക്കാൻ അവസരം: അറിയേണ്ടതെല്ലാം
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയായ രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറക്കുന്നു. ഷിംലയിൽ സ്ഥിതി ചെയ്യുന്ന രാഷ്ട്രപതി നിവാസ് ആണ് പൊതുജനങ്ങൾക്ക് തുറന്നു നൽകുക. ഇതോടെ, രാജ്യത്തെ പൗരന്മാർക്കും, വിദേശ പൗരന്മാർക്കും കുറഞ്ഞ നിരക്കിൽ രാഷ്ട്രപതി നിവാസ് കാണാനുള്ള അവസരമാണ് ലഭിക്കുന്നത്. ഏപ്രിൽ 23 മുതലാണ് രാഷ്ട്രപതി നിവാസ് പൊതുജനങ്ങൾക്കായി തുറന്നു നൽകുക. രാഷ്ട്രപതി തന്നെയാകും രാഷ്ട്രപതി നിവാസ് തുറന്നു കൊടുക്കുകയെന്ന് അറിയിച്ചിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ചയും, സർക്കാർ അവധി ദിനങ്ങളിലും, രാഷ്ട്രപതിയുടെ സന്ദർശന സമയം ഒഴികെയുള്ള ദിവസങ്ങളിലുമാണ് രാഷ്ട്രപതി നിവാസിൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുക. രാഷ്ട്രപതി നിവാസ് സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് 50 രൂപയും, വിദേശികൾക്ക് 250 രൂപയുമാണ് ചെലവാകുക. പ്രധാന കെട്ടിടവും, ഡൈനിംഗ് ഹാളും, കരകൗശല വസ്തുക്കളും ഉൾപ്പെടെയുള്ളവയാണ് ഷിംലയിലെ രാഷ്ട്രപതി നിവാസിന്റെ പ്രധാന ആകർഷണീയത.
രാഷ്ട്രപതി നിവാസ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് രാഷ്ട്രപതി ഭവന്റെ ഒഫീഷ്യൽ വെബ്സൈറ്റ് മുഖാന്തരം ഏപ്രിൽ 15 മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ഡൽഹി, ഷിംല, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ ഔദ്യോഗിക വസതികൾ ഇന്ത്യക്കാർക്ക് കൂടി അവകാശപ്പെട്ടതാണെന്ന് രാഷ്ട്രപതി ദ്രൗപതി മുർമു നേരത്തെ അറിയിച്ചിരുന്നു.