രാഹുല്‍ വിഷയത്തിലെ ജര്‍മന്‍ പ്രതികരണം: ‘വിദേശ ഇടപെടലുകൾക്ക് ഇവിടെ സ്ഥാനമില്ല, ഇന്ത്യ ഭരിക്കുന്നത് നരേന്ദ്രമോദി’

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയെ പാര്‍ലമെന്‍റില്‍നിന്ന് അയോഗ്യനാക്കിയ സംഭവത്തിൽ ജർമനിയുടെ പ്രതികരണത്തിൽ വിവാദം പുകയുന്നു. നേരത്തെയും രാഹുൽ ഗാന്ധി വിദേശ രാജ്യങ്ങളിൽ പോയി ഇന്ത്യയ്‌ക്കെതിരെ സംസാരിച്ചത് വിവാദമായിരുന്നു. ഇതിനിടയാണ് രാഹുലിന് കോടതിയുടെ ശിക്ഷ ഉണ്ടായത്. രാഹുലിനെ അയോഗ്യനാക്കിയതു ശ്രദ്ധയില്‍പ്പെട്ടതായി ജര്‍മന്‍ വിദേശകാര്യ വക്താവ് പറഞ്ഞതാണു ഇപ്പോൾ വിവാദമാക്കിയത്.

ജർമനിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജു സംസാരിച്ചത്. ഇന്ത്യന്‍ നിയമവ്യവസ്ഥയെ നിയന്ത്രിക്കാന്‍ വിദേശ ഇടപാടുകള്‍ക്കാകില്ലെന്ന് മന്ത്രി കിരണ്‍ റിജിജു ട്വിറ്ററില്‍ കുറിച്ചു. വിദേശ കൈകടത്തലുകള്‍ ഇന്ത്യ ഇനിയൊരിക്കലും അനുവദിക്കില്ലെന്നും കാരണം ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നുമായിരുന്നു റിജിജു അഭിപ്രായപ്പെട്ടത്.

അയോഗ്യതയുമായി ബന്ധപ്പെട്ട ജര്‍മ്മനിയുടെ പ്രതികരണം രാജ്യത്തിനു അപമാനമാണെന്നായിരുന്നു കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറിന്റെ അഭിപ്രായം. ഇന്ത്യയുടെ ജനാധിപപത്യപരവും രാഷ്ട്രീയപരവും നിയമപരവുമായ വാഗ്വാദങ്ങള്‍ രാജ്യത്തിനുള്ളില്‍ തന്നെ നിര്‍ത്താന്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിയ്ക്കും കഴിയില്ലെന്നും അതിനാല്‍ വിദേശശക്തികളെ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലില്‍ കൈകടത്താന്‍ അനുവദിയ്ക്കുകയാണെന്നും അനുരാഗ് ഠാക്കൂര്‍ ട്വിറ്ററില്‍ കുറിച്ചു.