ഓൺലൈൻ വാതുവെപ്പ്; 3.05 കോടി രൂപ അടങ്ങുന്ന 150 ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു
അനധികൃത വാതുവെപ്പ് കേസിൽ ഉൾപ്പെട്ട ഫിൻടെക് കമ്പനിയുടെ 3.05 കോടി രൂപ അടങ്ങുന്ന 150 ബാങ്ക് അക്കൗണ്ടുകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ (പിഎംഎൽഎ) വ്യവസ്ഥകൾ പ്രകാരം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. www.wolf777.com എന്ന വെബ്സൈറ്റ് വഴി വാതുവെപ്പ് നടത്തുന്ന വ്യക്തികളിൽ നിന്ന് ലഭിച്ച ഫണ്ട് സ്വരൂപിക്കാനാണ് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതെന്ന് ഇ ഡി പറയുന്നു.
അഹമ്മദാബാദിലെ ഡിസിബി പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് എൻഫോഴ്സ്മെന്റ് കേസ് അന്വേഷണം ആരംഭിച്ചത്. വാതുവെപ്പ് വെബ്സൈറ്റിലൂടെ 170.70 കോടി രൂപയുടെ വാതുവെപ്പ് പണം ലഭിച്ചു. പിഎംഎൽഎയുടെ കീഴിൽ നടത്തിയ അന്വേഷണത്തിൽ, പ്രതികൾ ഒരു സ്വകാര്യ ആശയവിനിമയ പ്ലാറ്റ്ഫോം വഴി പ്രവർത്തിക്കുകയും ഓൺലൈനിൽ വാതുവെപ്പ് നടത്താൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ലോഗിൻ ഐഡിയും പാസ്വേഡും നൽകുകയും ചെയ്യുന്നതായി കണ്ടെത്തി. www.wolf777.com എന്ന വെബ്സൈറ്റ് ‘തീൻ പാട്ടി’, ‘റമ്മി’, ‘ആന്ദർ ബഹാർ’, ‘പോക്കർ’ തുടങ്ങിയ വിവിധതരം ഊഹക്കച്ചവട ഗെയിമുകളിലും ക്രിക്കറ്റ് മത്സരങ്ങൾ ഉൾപ്പെടെയുള്ള വിവിധ തത്സമയ ഗെയിമുകളിലും പന്തയം വെക്കാൻ ഒരു വേദിയൊരുക്കുകയായിരുന്നു.
ഓൺലൈനായി ക്രെഡിറ്റുകൾ/നാണയങ്ങൾ വാങ്ങുന്നതിനായി ഫിൻടെക് കമ്പനിയുടെ അക്കൗണ്ടിൽ പണം നിക്ഷേപിക്കാൻ അവരോട് ആവശ്യപ്പെടുകയും പണം നിക്ഷേപിച്ചുകഴിഞ്ഞാൽ, ലോഗിൻ ഐഡിയും പാസ്വേഡും ഉപയോഗിച്ച് വെബ്സൈറ്റിൽ പന്തയം വെക്കാൻ വാതുവെപ്പുകാരനെ അനുവദിക്കുകയും ചെയ്യുന്നതാണ് രീതി. കേസിൽ അന്വേഷണം തുടരുകയാണ്.