ലക്നൗ: നാടിനെ നടുക്കി വീണ്ടും നരബലി. പത്തുവയസ്സുകാരനെ കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ പാർസ വില്ലേജിലാണ് സംഭവം. മന്ത്രവാദി പറഞ്ഞതിനെ തുടർന്നാണ് പത്തുവസ്സുള്ള ആൺകുട്ടിയെ പ്രീതിക്കായി കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ നല്കിയ മൊഴി.
പാർസ വില്ലേജിലെ കൃഷ്ണ വർമ്മയുടെ മകനായ വിവേക് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച രാത്രി മുതൽ വിവേകിനെ കാണാനില്ലായിരുന്നു. തിരച്ചിലിനൊടുവിൽ കഴുത്ത് മുറിച്ചു മാറ്റിയ നിലയില്‍ മൃതദേഹം കണ്ട് കിട്ടുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആണ് പ്രതികൾ പിടിയിലായത്.
മരിച്ച കുട്ടിയുടെ ബന്ധുവായ അനൂപിന് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ടായിരുന്നു. ഒരുപാട് തവണ പല ചികിത്സകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിൽ അനൂപ് ദുർമന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരമാണ് കുട്ടിയെ നരബലി നടത്തുന്നത്. അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചിന്താരമെന്ന പേരിലുള്ള മറ്റൊരാളും കുറ്റകൃത്യത്തിൽ പങ്കെടുത്തിട്ടുണ്ട്. മൂവരും ചേർന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
പൊലീസ് അന്വേഷണത്തിൽ പ്രതികളായ അനൂപ്, ചിന്താരം, വിവേകിന്റെ അമ്മാവൻ എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.