ന്യൂഡൽഹി: അത്യപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ ആകാശം. ചൊവ്വാഴ്ച്ചയാണ് ആകാശം അത്യപൂർവ്വ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിക്കുക. ചൊവ്വ, ശുക്രൻ, ബുധൻ, വ്യാഴം, യുറാനസ് എന്നീ ഗ്രഹങ്ങൾ ഒരുമിച്ച് ആകാശത്ത് കാണാൻ കഴിയും.
ശുക്രനായിരിക്കും ഏറ്റവും പ്രകാശിച്ച് നിൽക്കുക. മറ്റ് ഗ്രഹങ്ങളെയും കാണാൻ കഴിയുമെങ്കിലും താരതമ്യേന തിളക്കം കുറവായിരിക്കുമെന്ന് ഗവേഷകർ പറയുന്നു. ആകാശത്ത് ദൃശ്യമാകുമെങ്കിലും യുറാനസിനെ തിരിച്ചറിയാൻ പ്രയാസമാകുമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.
ഗ്രഹങ്ങൾ ഏകദേശം ഒരേ തലത്തിൽ സൂര്യനെ ചുറ്റുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈയിലും ഗ്രഹങ്ങൾ നേർരേഖയിൽ വന്നിരുന്നു. യുറാനസ്, ബുധൻ ഗ്രഹങ്ങളെ കാണാനായി ബൈനോക്കുലറിന്റെ സഹായം വേണ്ടിവരുമെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.