വ്യോമസേനയുടെ റഡാർ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ 3700 കോടിയുടെ കരാറിൽ ഒപ്പുവച്ച് പ്രതിരോധ മന്ത്രാലയം

ഇന്ത്യൻ വ്യോമസേനയുടെ പ്രവർത്തന ശേഷി വർധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡുമായി (ബിഇഎൽ) 3700 കോടി രൂപ വിലമതിക്കുന്ന രണ്ട് കരാറുകളിൽ ഒപ്പുവച്ചു. 2,800 കോടി രൂപയിലധികം വിലമതിക്കുന്ന ആദ്യ കരാർ, വ്യോമസേനയ്ക്ക് വേണ്ടിയുള്ള മീഡിയം പവർ റഡാറുകൾ (എംപിആർ) ‘ആരുദ്ര’ വിതരണവുമായി ബന്ധപ്പെട്ടതാണ്. ഏകദേശം 950 കോടിയുടെ രണ്ടാമത്തെ കരാർ ‘റഡാർ വാണിംഗ് റിസീവേഴ്‌സ്’ (RWR) യുമായി ബന്ധപ്പെട്ടതുമാണ്.

രണ്ട് പദ്ധതികളിലും വാങ്ങുന്ന ഉപകരണങ്ങൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്‌തതും വികസിപ്പിച്ചതും നിർമ്മിച്ചതുമായതിനാൽ ഈ കരാർ ആത്മനിർഭർ ഭാരതിന്റെ നിലവിലുള്ള കാഴ്‌ചപ്പാടിന് കരുത്ത് പകരുന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്‌ത റഡാറാണ് ബിഇഎൽ നിർമ്മിക്കുക.

ഇതിന്റെ വിജയകരമായ പരീക്ഷണങ്ങൾ ഇന്ത്യൻ വ്യോമസേന ഇതിനകം നടത്തിക്കഴിഞ്ഞു. Su-30 MKI വിമാനങ്ങളുടെ ശേഷി വർധിപ്പിക്കുന്നതിനാണ്  ‘റഡാർ വാണിംഗ് റിസീവേഴ്‌സ്’ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്.

റഡാർ വാണിംഗ് റിസീവറുകൾക്ക് പുറമെ, വ്യോമസേനയുടെ നിരീക്ഷണം, കണ്ടെത്തൽ, ട്രാക്കിംഗ്, ഇലക്ട്രോണിക് വാർഫെയർ കഴിവുകൾ എന്നിവ വർദ്ധിപ്പിക്കാനും വ്യാവസായിക ആവാസവ്യവസ്ഥയിൽ ഉൽപ്പാദന ശേഷിയിലേക്കുള്ള കരുത്ത് വർദ്ധിപ്പിക്കാനും പദ്ധതികളിലൂടെ ലക്ഷ്യമിടുന്നു. രണ്ട് പദ്ധതികളിലുമായി മൂന്നര വർഷത്തിനുള്ളിൽ ഏകദേശം രണ്ട് ലക്ഷം തൊഴിൽ ദിനങ്ങൾ സൃഷ്‌ടിക്കുമെന്ന് കണക്കാക്കപ്പെടുന്നു.