കശ്മീര്‍: തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ കശ്മീരിലെ മാദ്ധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി മെഹബൂബ മുഫ്തി രംഗത്ത് എത്തി. എന്‍ജിഒ തീവ്രവാദത്തിന് ഫണ്ടിംഗ് നല്‍കിയ കേസിലാണ് മാദ്ധ്യമപ്രവര്‍ത്തകനായ ഇര്‍ഫാന്‍ മെഹ്രാജിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. ശ്രീനഗര്‍ സ്വദേശിയായ മെഹ്രാജിന് ജമ്മു കശ്മീര്‍ കോലിഷന്‍ ഓഫ് സിവില്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഖുറം പര്‍വേസ് എന്ന ആക്ടിവിസ്റ്റുമായി ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ അറിയിച്ചു.
സുപ്രധാനമായ ഇന്‍സ്റ്റാളേഷനുകള്‍, സുരക്ഷാ സേനയുടെ വിന്യാസം-നീക്കങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക, ഔദ്യോഗിക രഹസ്യ രേഖകള്‍ വാങ്ങുക, എന്‍ക്രിപ്റ്റ് ചെയ്ത ആശയവിനിമയ മാര്‍ഗങ്ങളിലൂടെ ലഷ്‌കര്‍ ഇ ടി ഹാന്‍ഡ്ലര്‍മാര്‍ക്ക് പണ പരിഗണനയ്ക്കായി കൈമാറുക എന്നിവ ഉള്‍പ്പെടെയുള്ള ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് 2021 നവംബറില്‍ എന്‍ഐഎ പര്‍വേസിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മെഹ്രാജിന്റെ അറസ്റ്റിനെ തുടര്‍ന്ന് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി എന്‍ഐഎയുടെ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ്. സത്യസന്ധമായി ജോലി ചെയ്തതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് മെഹബൂബയുടെ പരാമര്‍ശം.