റെയിൽവേയെ മുടിപ്പിച്ചത് മാത്രമല്ല, ജോലിക്ക് പകരം ഭൂമി, പല സോണിലേക്കും റിക്രൂട്ട് ചെയ്തത് ലാലുവിന്റെ മണ്ഡലത്തിലെ 50%പേരെ

ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവും കുടുംബവും അനധികൃതമായി നേടിയ വരുമാനം 600 കോടിയോളം വരുമെന്ന് ഇഡി. കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് കോഴ വാങ്ങി റെയിൽവേയിൽ ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്തുവെന്നാണ് ലാലു പ്രസാദിനെതിരായ കേസ്. ഇ ഡി നടത്തിയ റെയ്‌ഡിൽ കണക്കില്‍ പെടാത്ത ഒരു കോടി രൂപയും വിദേശ കറന്‍സിയും 1900 ഡോളറും 540 ഗ്രാം സ്വര്‍ണക്കട്ടിയും 1.5 കിലോയിലധികം സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരിക്കുകയാണ്. യാദവ കുടുംബാംഗങ്ങളുടെ ബിനാമിമാരുടെ പേരിലുള്ള വിവിധ സ്വത്ത് രേഖകളും വില്‍പ്പന രേഖകളും ഉള്‍പ്പെടെയാണ് ഇഡി പിടിച്ചെടുത്തിരിക്കുന്നത്.

പാറ്റ്നയിലെയും മറ്റ് പ്രദേശങ്ങളിലെയും പ്രമുഖ സ്ഥലങ്ങളിലെ നിരവധി ഭൂമി, അന്നത്തെ റെയില്‍വേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ കുടുംബം റെയില്‍വേയിലെ ജോലിക്ക് പകരമായി വാങ്ങി അനധികൃതമായി സമ്പാദിച്ചതായും ഇ ഡി കണ്ടെത്തി. 200 കോടിയിലധികം രൂപയാണ് ഈ ഭൂമിയുടെ നിലവിലെ വിപണി മൂല്യം . റെയില്‍വേയിലെ ഗ്രൂപ്പ് ഡി ജോലിക്ക് പകരമായി പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും ഇവര്‍ ഭൂമി കൈക്കലാക്കുകയായിരുന്നു. പല റെയില്‍വേ സോണുകളിലും റിക്രൂട്ട് ചെയ്യപ്പെട്ടവരില്‍ 50% ത്തിലധികം പേര്‍ ലാലു പ്രസാദ് യാദവിന്റെ മണ്ഡലങ്ങളില്‍ നിന്നുള്ളവരായിരുന്നു – ഏജന്‍സി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ലാലു പ്രസാദ് യാദവിന്റെ കുടുംബത്തിനും കൂട്ടാളികള്‍ക്കും വേണ്ടി നടത്തിയ കൂടുതല്‍ നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള ശ്രമവുമായി ഇഡിയുടെ അന്വേഷണം മുന്നോട്ടു പോവുകയാണ്. ഗ്രൂപ്പ് ഡി അപേക്ഷകരില്‍ നിന്ന് കേവലം 7.5 ലക്ഷം രൂപയ്ക്ക് യാദവ് കുടുംബം സ്വന്തമാക്കിയ നാല് സ്ഥലങ്ങള്‍ മുന്‍ ആര്‍ജെഡി എംഎല്‍എ സയ്യിദ് അബു ഡോജനയ്ക്ക് റാബ്റി ദേവി 3.5 കോടി രൂപയ്ക്ക് വിറ്റതായി ഇഡിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ തുകയുടെ വലിയൊരു ഭാഗം തേജസ്വി യാദവിന്റെ അക്കൗണ്ടിലേക്ക് കൈമാറിയ രേഖകളും കണ്ടെടുത്തിട്ടുണ്ട്.