മൂന്ന് മണിക്കൂറില്‍ നിന്ന് 75 മിനിറ്റിനുള്ളിൽ എത്താം: ബെംഗളൂരു – മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ബെംഗളൂരു: മൈസൂരു അതിവേഗ പാത നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. പാതയുടെ വരവോടെ യാത്രാ ദൈർഘ്യം 3 മണിക്കൂറിൽ നിന്ന് 75 മിനിട്ടായി കുറയും. എൻ.എച്ച്‌-275ന്റെ ബെംഗളൂരു – നിദാഘട്ട-മൈസൂരു ഭാഗത്തിന്റെ 6-വരിപ്പാതയും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. ഏകദേശം 8480 കോടി രൂപ ചെലവിലാണ് 118 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതി വികസിപ്പിച്ചിരിക്കുന്നത്. ബെംഗളുരു – മൈസൂരു അതിവേഗ പാത യാത്രകൾ കൂടുതൽ സൗകര്യപ്രദവും സമയ ലാഭവും സൃഷ്ടിക്കുന്നു.

ചരക്കുകളുടെയും സേവനങ്ങളുടെയും വേഗത്തിലുള്ള നീക്കത്തിന് സഹായകമാകുന്നു. ഇത് നിലവിലുള്ള സമ്പദ്‌വ്യവസ്ഥയിൽ മാറ്റം സൃഷ്ടിക്കും. ബെംഗളൂരുവിനും മൈസൂരുവിനുമിടയിലുള്ള യാത്രാ സമയം ഇത് ഏകദേശം 3 മണിക്കൂറിൽ നിന്ന് 75 മിനിറ്റായി കുറയ്ക്കും. ഈ മേഖലയിലെ സാമൂഹിക-സാമ്പത്തിക വികസനത്തിന് ഇത് സഹായിക്കും. മൈസൂരു-ഖുഷാൽനഗർ 4 വരി പാതയുടെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. 92 കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതി ഏകദേശം 4130 കോടി രൂപ ചെലവിലാണ് വികസിപ്പിക്കുന്നത്.

അതേസമയം, ബെംഗളുരു-മൈസൂരു ദേശീയപാത ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നാളെ ഗതാഗത നിയന്ത്രണം ഉണ്ടാകും. നാളെ രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ വാഹനങ്ങൾ സമാന്തര പാതയിലൂടെ തിരിച്ചുവിടും. എല്ലാ വാഹനങ്ങൾക്കും നിയന്ത്രണം ബാധകമായിരിക്കും. ദേശീയപാത ഉദ്ഘാടനത്തിനു ശേഷം മണ്ഡ്യയിലെ മദ്ദൂരിലെ ഗജ്ജലഗെരെയിൽ നടക്കുന്ന പൊതു സമ്മേളനത്തിലും മോദി പങ്കെടുക്കുന്നുണ്ട്. മണ്ഡ്യയിൽ 1.5 കി മി റോഡ് ഷോ ഉണ്ടാകും.