ക്രിസ്ത്യൻ മത പരിവർത്തനമെന്ന ആരോപണം, ആന്ധ്രയിൽ മുഴുവൻ ജില്ലകളിലും ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ച് ജഗൻ സര്‍ക്കാര്‍

അമരാവതി: ആന്ധ്രപ്രദേശിലെ ഹിന്ദു കുടുംബങ്ങളെ മതം മാറ്റുന്നെന്ന ആരോപണങ്ങളെ മറികടക്കാൻ തുനിഞ്ഞിറങ്ങി മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഢി. ആന്ധ്രയിലെ മുഴുവന്‍ ജില്ലകളിലും ക്ഷേത്രം നിര്‍മ്മിക്കാനനാണ് ആന്ധ്രാപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. മുഖ്യമന്ത്രി വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ നിര്‍ദേശ പ്രകാരം ഹിന്ദു വിശ്വാസം സംരക്ഷിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി എന്ന് ഉപമുഖ്യമന്ത്രി സി എം കോട്ടു സത്യനാരായണൻ അറിയിച്ചു.

തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ശ്രീവാണി ട്രസ്റ്റ് ഓരോ ക്ഷേത്രത്തിന്റേയും നിര്‍മ്മാണത്തിനായി പത്ത് ലക്ഷം രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു. ഇതിനകം 1330 ക്ഷേത്രങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. അതിന് പുറമേ 1465 എണ്ണം കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്കൂടാതെ എംഎല്‍എമാരുടെ നിര്‍ദേശ പ്രകാരം നിര്‍മ്മിക്കേണ്ട ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഇരുനൂറ് ക്ഷേത്രങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയേക്കും. അവശേഷിക്കുന്ന ക്ഷേത്രങ്ങളുടെ നിര്‍മ്മാണത്തിനായി നിരവധി സംഘടനകളുടെ കൂടി സഹായം തേടും.

ചില ക്ഷേത്രങ്ങളുടെ പുനരുദ്ധാരണത്തിനും ആചാരാനുഷ്ഠാനങ്ങള്‍ നടത്തുന്നതിനുമായി വകയിരുത്തിയ ഇരുനൂറ്റിയെഴുപത് കോടി രൂപയില്‍ ഇരുനൂറ്റിമുപ്പത്തിയെട്ട് കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. കൂടുതല്‍ ക്ഷേത്രങ്ങളും നിര്‍മ്മിക്കുക സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവര്‍ കൂടുതലായി താമസിക്കുന്ന ഇടങ്ങളിലാവും. പിന്നാക്ക വിഭാഗങ്ങള്‍ കൂടുതലുള്ള പ്രദേശങ്ങളില്‍ ക്ഷേത്ര നിര്‍മ്മാണം അതിവേഗം പുരോഗമിക്കുകയാണ്.