രാജ്യത്ത് പാചകവാതകത്തിന്റെ വില വർദ്ധിച്ചു, പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ

രാജ്യത്ത് ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന്റെ വിലയിൽ വർദ്ധനവ്. ഗാർഹിക പാചകവാതക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ, കൊച്ചിയിൽ സിലിണ്ടറിന്റെ വില 1,110 രൂപയായി ഉയർന്നു. മുൻപ് 1,060 രൂപയായിരുന്നു വില. മറ്റു ജില്ലകളിൽ നേരിയ വില വ്യത്യാസം ഉണ്ടാകുന്നതാണ്. അതേസമയം, വാണിജ്യ സിലിണ്ടറിന് 351 രൂപയാണ് വർദ്ധിപ്പിച്ചത്. ഇതോടെ, വാണിജ്യ സിലിണ്ടറിന്റെ വില 1,773 രൂപയായി. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും.

ഇതിനു മുൻപ് ഗാർഹിക സിലിണ്ടറിന്റെ വില 2022 ജൂലൈയിലാണ് വർദ്ധിപ്പിച്ചത്. കഴിഞ്ഞ വർഷം മെയ് മാസത്തിൽ 2 തവണയായി 54 രൂപയോളം വർദ്ധിപ്പിച്ചിരുന്നു. ദീർഘനാളത്തെ ഇടവേളക്കുശേഷമാണ് വാണിജ്യ സിലിണ്ടറിന്റെ വില വർദ്ധിപ്പിക്കുന്നത്. തുടർച്ചയായി ഏഴ് തവണ വില കുറഞ്ഞതിനു ശേഷമാണ് ഇത്തവണ 351 രൂപ ഒറ്റയടിക്ക് കൂട്ടിയത്. 2022 ജൂൺ മുതൽ വാണിജ്യ സിലിണ്ടറിന് 475.50 രൂപയോളം കുറഞ്ഞിരുന്നു.