ഗോലോക്ധാം തീര്‍ത്ഥ് , ഗീതാമന്ദിര്‍: സൗരാഷ്ട്രയിലൂടെ അദ്ധ്യായം 11 

[ad_1]

ജ്യോതിർമയി ശങ്കരൻ

പ്രഭാസത്തിലെ ഗോലോക്ധാംതീര്‍ത്ഥത്തിലേയ്ക്കാണ് പിന്നീട് ഞങ്ങള്‍ പോയത്. ഒരിയ്ക്കല്‍ കണ്ടാല്‍ ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാനാകാത്ത കാഴ്ച്ചകളാണിവിടെ.സോംനാഥിന്റെ വടക്കന്‍ ഭാഗത്ത്, വെരാ‍വല്‍ റൂട്ടിലുള്ള ഭാല്‍ക തീര്‍ത്ഥ് എന്ന സ്ഥലത്തുവച്ചാണ് ശ്രീകൃഷ്ണന് പുരാണത്തില്‍ പറഞ്ഞപ്രകാരം വേടന്റെ അമ്പേറ്റതെന്നും അവിടെ നിന്നും അമ്പു പറിച്ചു വലിച്ചെറിഞ്ഞശേഷം 4 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ദേഹോത്സര്‍ഗ്/ദേഹവിയോഗ്/ഗോളക് തീര്‍ത്ഥ് എന്ന സ്ഥലത്തെത്തിയശേഷം നദിയിലേയ്ക്കിറങ്ങിപ്പോയി അപ്രത്യക്ഷനാകുകയും ചെയ്തെന്നുമാണ് വിശ്വസിയ്ക്കപ്പെടുന്നത്.അതാവണം ഭഗവാന്റെ കൃഷ്ണാവതാരത്തിന്റെ അവസാനനിമിഷങ്ങള്‍. ഈ ഗോളക് തീര്‍ത്ഥക്കരയിലാണു ഞങ്ങളിപ്പോള്‍ എത്തിയിരിയ്ക്കുന്നതെന്നും ഇവിടെ ഭഗവാ‍ന്റെ പാദുകങ്ങള്‍ വച്ച സ്ഥലം കാണാനാകുമെന്നും ഗൈഡ് പറഞ്ഞു.

 

പടവുകള്‍ കയറി ഞങ്ങള്‍ ശ്രീ ഗോളോക് നാഥ് തീര്‍ത്ഥ് എന്നെഴുതിവച്ച ഗോപുരവാതിലിലൂടെ കോമ്പൌണ്ടില്‍ പ്രവേശിച്ചു. നിറയെ അരയാ‍ലുകളും പേരാലുകളും മറ്റു മരങ്ങളും തഴച്ചു വളര്‍ന്ന് ഏറെ കുളുര്‍മ്മയേറിയ ഈ സ്ഥലം വളരെ ശാന്തവും സുന്ദരവുമായിത്തോന്നിച്ചു.ഇവിടത്തെ ഗീതാമന്ദിര്‍ വളരെ പ്രസിദ്ധമാണ്. വിശാലമായ ഗീതാ മന്ദിറിനകത്തേയ്ക്കു പ്രവേശിച്ചപ്പോള്‍ തന്നെ അതിന്റെ കാരണം മനസ്സിലാക്കാനാ‍യി. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ഗീതാമന്ദിറായിരുന്നു അത് എന്നതു തന്നെ.ഈ ശ്രീകൃഷ്ണ മന്ദിറിന്റെ 18 തൂണുകളിലായി നാലുഭാഗത്തും ഗീതയുടെ 18 അദ്ധ്യായങ്ങളും വെളുത്ത മാര്‍ബിളില്‍ കറുത്ത അക്ഷരങ്ങളില്‍ കൊത്തി വയ്ക്കപ്പെട്ടിരിയ്ക്കുന്നു.മുകള്‍ത്തട്ടില്‍ നോക്കിയാല്‍ അതിലും മനോഹരമാ‍യ കാഴ്ച്ചയാണ് ലഭിയ്ക്കുന്നത്. ഭഗവാ‍ന്റെ പത്തവതാരവും അതോട് ബന്ധപ്പെട്ടതുമായ അതിമനോഹരങ്ങളായ ചിത്രങ്ങളും നമ്മുടെ കണ്ണും കരളും കവര്‍ന്നെടുക്കും. ബിര്‍ളാ ഗ്രൂപ്പിന്റെ മറ്റൊരു സമ്മാനമാണിത്.എത്ര നേരം വേണമെങ്കിലും ഇവിടെ ചിലവഴിയ്ക്കാ‍ാനാകുമല്ലോ എന്നായിരുന്നു മനസ്സില്‍ ചിന്തിച്ചത്.ഓടക്കുഴലൂതി വെളുത്ത പശുവിനേയും ചാരി നില്‍ക്കുന്ന ബാ‍ലഗോപാലന്‍ ഒന്നു ചിരിച്ചുവോ?

കുറെയേറെ നേരം അവിടെത്തന്നെ നിന്ന് എല്ലാം കണ്ട ശേഷം മനസ്സില്ലാ മനസ്സോടെയാണ് പുറത്തു കടന്നത്. ബലദേവരുടെ ഗുഹാ മന്ദിരത്തിലാണു പിന്നീട് പോയത് .നിറയെ മാലയുമിട്ട് കയ്യില്‍ വലിയ ഗദയുമായി നില്‍ക്കുന്ന ബലദേവരുടെ വെണ്ണക്കല്‍ പ്രതിമയെ തൊഴുതു.ഗുഹയുടെ ഉള്‍ഭാ‍ഗത്താ‍യി ചുവരില്‍ ശേഷനാഗത്തിനെ ആലേഖനം ചെയ്തിരിയ്ക്കുന്നതു കാണാ‍നായി.ഇവിടെയും തൊഴുതശേഷം പുറത്തു കടന്നു. കൃഷ്ണനൊത്ത് തന്റെ ശരിയായ രൂപത്തില്‍ ശേഷനാഗമാ‍യി ബലരാമനും ഇവിടെ നിന്നും പോയെന്നാണ് സങ്കല്‍പ്പം. ഇതുകൂടാതെ ഒരു ലക്ഷ്മീ നാരാ‍യണക്ഷേത്രവും കാശി വിശ്വനാഥന്റെ ക്ഷേത്രവും ഉണ്ട്. ഇവിടത്തെ മറ്റൊരു അമ്പലത്തിനെ മഹാ പ്രഭുജി ബൈഠക് മന്ദിര്‍ എന്നാണു പറയുന്നത്.ഇനിയൊരെണ്ണം ഭീമനാ‍ാഥ് ജി മന്ദിര്‍. ഇവയെല്ലാം കണ്ടശേഷം അല്‍പ്പം ഹൃദയവേദനയോടെ മാത്രമേ ‘കൃഷ്ണചരണ്‍ പാദുകാജി“ യെന്നറിയപ്പെടുന്ന ഭഗവല്‍പ്പാദങ്ങള്‍ കണ്ട് തൊഴാനായുള്ളൂ.

വെണ്ണക്കല്‍ വിരിച്ച തറയില്‍ നിന്നും ഉയര്‍ത്തിക്കെട്ടിയ പീഠത്തില്‍ വെണ്ണക്കല്ലില്‍ കൊത്തിയെടുത്ത ഭഗവല്‍പ്പാദാരവിന്ദങ്ങള്‍ ഏറെ സുന്ദരമായിത്തോന്നി. ധാ‍ാരാളം മാ‍ലകളും പുഷ്പ്പങ്ങളും ചാര്‍ത്തിയിരിയ്ക്കുന്നു.വലിയ തൂണുകള്ള കുടപോലെ തോന്നിച്ച ഒരു അമ്പലത്തിലാ‍ണിത് പ്രതിഷ്ഠിയ്ക്കപ്പെട്ടിരിയ്ക്കുന്നത്.ഇവിടെ നിന്നാണാല്ലോ കൃഷ്ണന്‍ തന്റെ ഈ ലോകത്തെ ലീലകളൊക്കെ നിര്‍ത്തി അവതാ‍രത്തിന്നവസാനം കുറിച്ചതെന്നോര്‍ക്കുമ്പോള്‍ മനസ്സിലൊരു നഷ്ടബോധം. തൊട്ടു മുന്നിലെ ഹിരണ്‍ നദിയില്‍ കൃഷ്ണ സാന്നിദ്ധ്യം ഇപ്പോഴും ഉണ്ടാ‍കുമോ? അവിടേയ്ക്ക് ഭഗവാന്‍ ഇറങ്ങിപ്പോയെന്നാണല്ലോ പറയപ്പെടുന്നത് നിന്നാ‍ല്‍ കാ‍ണാവുന്ന ത്രിവേണീ സംഗമം വളരെ മനോഹരം തന്നെ.

കനത്തചൂടിലും ഇളകിച്ചാഞ്ചാടി കുളിരേകുന്ന അരയാലിലകള്‍ കൃഷ്ണ നാ‍മം ജപിയ്ക്കുന്നുവോ? ചേലക്കള്ളനായി കണ്ണനെ ഇലകള്‍ക്കിടയില്‍ക്കാണുമോ? ചിന്തകള്‍ കാ‍ടു കയറുന്നു. ദു:ഖം നിറഞ്ഞ കനത്ത മനസ്സോടെ പുറത്തിറങ്ങി റിക്ഷയില്‍ കയറുമ്പോള്‍ പുരാണങ്ങളെല്ലാം സത്യമാണെന്ന പലതെളിവുകളും മുന്നില്‍ക്കാണുന്നതുപോലെ തോന്നി.

[ad_2]