ദുരിതങ്ങളകറ്റാന്‍ മഹാദേവനെ ഭജിക്കാം | Lord Shiva, lord parama shiva, Latest News, Devotional


ശിവപ്രീതികരമായ വ്രതമാണു പ്രദോഷവ്രതം. മഹാദേവന്റെ അനുഗ്രഹത്തിനു ധാരാളം വ്രതങ്ങള്‍ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന വ്രതമാണിത്. സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം എന്നിവയെല്ലാം പ്രദോഷവ്രത ഫലങ്ങളാണ്. ദശാദോഷം, ജാതകദോഷം  എന്നിവ അനുഭവിക്കുന്നവര്‍ക്കു ദുരിതകാഠിന്യം കുറയ്ക്കാന്‍ ഉത്തമമാര്‍ഗമത്രേ പ്രദോഷവ്രതം. ഒരു മാസത്തില്‍ രണ്ടു പ്രദോഷങ്ങളാണു വരുന്നത്.

കറുത്തപക്ഷവും (കൃഷ്ണപക്ഷവും) ശനിയാഴ്ചയും ചേര്‍ന്നു വരുന്ന ശനിപ്രദോഷം ഏറെ വിശിഷ്ടമാണ്. തിങ്കളാഴ്ച വരുന്ന സോമപ്രദോഷവും പുണ്യദായകമാണ്. പ്രദോഷമെന്നാല്‍ രാത്രിയുടെ ആഗമനം എന്നാണര്‍ഥം. സന്ധ്യയ്ക്കു ത്രയോദശി വരുന്ന ദിവസമാണു പ്രദോഷദിനം. പ്രദോഷസന്ധ്യയില്‍ പാര്‍വതീദേവിയുടെ സാന്നിധ്യത്തില്‍ ശിവഭഗവാന്‍ നടരാജനായി നൃത്തം ചെയ്യുന്നു. ഈ അവസരത്തില്‍ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം.

പ്രദോഷവ്രതം അനുഷ്ഠിച്ചാല്‍ എല്ലാ ദേവീദേവന്മാരുടെയും അനുഗ്രഹം ലഭിക്കുമെന്ന പ്രത്യേകതയും ഉണ്ട്. ശിവപാര്‍വതിമാര്‍ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയില്‍ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് അര്‍ച്ചന നടത്തുന്നതും മൂലം സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സ്വായത്തമാക്കാം. ‘സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം’ എന്നാണു ശിവപുരാണത്തില്‍ പറയുന്നത്.