അറിഞ്ഞും അറിയാതെയും നമുക്ക് കിട്ടുന്ന പലതരം ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ നാം ചെയ്യേണ്ട കാര്യങ്ങൾ


കരുതിക്കൂട്ടിയോ മറ്റുള്ളവരുടെ പ്രേരണയാലോ ചെയ്തു കൂട്ടുന്ന പാപകര്‍മ്മങ്ങളുടെ ഫലങ്ങള്‍ , മറ്റുള്ളവരെ ദ്രൊഹിക്കൽ , ഇതൊക്കെ ആ വേദനിക്കുന്ന മനസ്സുകളിൽ ശാപ വചനങ്ങളായി ഉരുവിടും . അത് നമുക്ക് ബാധിക്കുകയും ചെയ്യും. അതാണ് ശാപം ഏൽക്കുക എന്നതുകൊണ്ട്‌ അർത്ഥമാക്കുന്നത്.ബലമില്ലാത്തവനെ, ബലമുളളവന്‍ ആക്രമിക്കുമ്പോള്‍ (ശാരീരികമോ, മാനസികമോ) സ്വയം പ്രതികരിയ്ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവന്റെ മനസ്സില്‍ തന്നെ അതിയായ ദുഃഖം ഉരുത്തിരിയുന്നു.

പ്രത്യക്ഷത്തില്‍ കണ്ണീരായി തോന്നാമെങ്കിലും, കീഴ്‌പ്പെടുന്ന വ്യക്തിയുടെ മനസ്സിലെ ക്രോധവും താപവും അവന്‍ സ്വയം ഉളളില്‍ ഒതുക്കുകയാണ്.ഇതാണ് ജയിച്ച ആളിന്റെ മേൽ ശാപമായി പതിക്കുന്നത്.
ശാപങ്ങൾ പല തരത്തിലുണ്ട്. സർപ്പ ശാപം, നാരീ ശാപം (സ്ത്രീ ശാപം),ബ്രാഹ്മണ ശാപം, കന്യകാ ശാപം ,പിതൃ ശാപം, മാതൃശാപം, ഗുരുശാപം, അങ്ങനെ ഒരുപാട് ശാപങ്ങൾ ഉണ്ടെങ്കിലും സർപ്പ ശാപം ആണ് കൂടുതൽ ചർച്ച ചെയ്തിട്ടുള്ള വിഷയം.

എന്താണ് സർപ്പശാപം?

സർപ്പ ക്കാവ് വെട്ടി തെളിക്കുക സർപ്പത്തിന്റെ മുട്ട നശിപ്പിക്കുക,
സര്പ്പക്കാവ് അശുദ്ധമാക്കുക തുടങ്ങിയ കാരണങ്ങളാല്‍ സർപ്പ ദോഷം ഉണ്ടാകും. സർപ്പ ശാപം എന്നത് ,കുടുംബശ്രേയസ്സിന് ഒരിയ്ക്കല്‍ കാരണഭൂതരായിരുന്ന ഈ നാഗങ്ങളെ വേണ്ട രീതിയില്‍ ആചരിയ്ക്കാതെയും കാവുകള്‍ വെട്ടി തെളിച്ചും വീടുകള്‍ നിര്‍മ്മിയ്ക്കുന്വോഴും, എന്തിന് സര്‍പ്പക്കാവിലെ കരിയില അടിച്ചു കൂട്ടി തീയിട്ടാല്‍ പോലും ഈ നാഗങ്ങള്‍ നശിയ്ക്കാനിടവരും… ഭൂമിയുടെ അവകാശികളായ നാഗങ്ങള്‍ക്കോ   അവരുടെ വാസസ്ഥാനത്തിനോ നാശം വരുത്തുക, അവരെ കൊല്ലുകയോ, മുറിവേൽപ്പിക്കുകയോ ചെയ്യുക, പാരമ്പര്യമായി ആരാധിച്ചു വരുന്ന നാഗബിംബങ്ങള്‍ നശിപ്പിക്കുകയോ, ആരാധന മുടക്കുകയോ ചെയ്യുക, വേണ്ട രീതിയില്‍ പൂജിക്കാതിരിക്കുക തുടങ്ങിയവ നാഗകോപത്തിന് കാരണമാകുന്നു.

വ്യക്തികള്‍ പോലും അറിയാതെ അവന്റെ തലമുറയിലേയ്ക്ക് കടന്നു വരുന്നതാണ് ഈ ദോഷം. നാഗങ്ങളുടെ മുട്ടകള്‍ നശിയ്ക്കാനിടയായാല്‍ ആ കുടുംബത്തില്‍ സന്തതിനാശം ഉണ്ടാകും.ജന്മാന്തരങ്ങള്‍ കൊണ്ടനുഭവിച്ചാലും തീരാത്ത പ്രയാസങ്ങള്‍ നാഗകോപത്താല്‍ ഉണ്ടാകുമെന്നാണ് വിശ്വാസം. അല്പായുസ്സ്, വംശനാശം, മഹാരോഗം, ദാരിദ്ര്യം , ഭ്രാന്ത്, സന്താനമില്ലായ്മ എന്നിവ നാഗകോപത്താല്‍ സംഭവിക്കുന്നു.

സർപ്പ ദോഷ നിവാരണങ്ങള്‍

നാഗക്ഷേത്രങ്ങളിലോ കാവുകളിലോ,സർപ്പ ബലി നടത്തുക, നൂറും പാലും നിവേദിക്കുക, ഉപ്പ്, മഞ്ഞള്‍, സർപ്പ വിഗ്രഹം, പുറ്റ്, മുട്ട എന്നിവ നടയില്‍ സമർപ്പിക്കുക, പാല്‍, ഇളനീര്‍, എണ്ണ തുടങ്ങിയവ കൊണ്ട് അഭിഷേകം നടത്തുക. എന്നിവയൊക്കെ സര്പ്പപ്രീതികരങ്ങളായ വഴിപാടുകളാണ്.സത്പുത്ര സന്താന ജനനത്തിനും, രോഗശാന്തിക്കും, സർപ്പ പൂജകള്‍ നടത്തുന്നത് ഉത്തമമാണ്. എരിക്കിണ്‍ പൂവും , കൂവളത്തിലയും ചേർത്ത് കെട്ടിയ മാല നഗരാജാവിനും, വെളുത്ത ചെമ്പകപ്പൂക്കളും മഞ്ഞ അരളിയും ചേർത്ത് കെട്ടിയ മാല നാഗയക്ഷിക്കും കവുങ്ങിന്‍ പൂക്കുലയും ചെത്തിപൂവും ചേർത്ത് കെട്ടിയ മാലകള്‍ വൈഷ്ണവ സാന്നിദ്ധ്യമുള്ള നാഗദേവതകൾക്കും നല്കിയാല്‍ നാഗശാപം ഒഴിവായി കിട്ടുമെന്നാണ് വിശ്വാസം.

മറ്റു ശാപങ്ങൾ,പുരാണങ്ങളിൽ പോലും പറയുന്നുണ്ട്.
നായാട്ടിനിറങ്ങിയ ദശരഥമഹാരാജാവ് അരുവിയില്‍ നി്ന്നു ജലം മണ്‍കുടത്തില്‍ പകര്‍ന്ന മുനികുമാരനെ അമ്പെയ്തു വീഴ്ത്തിയത് തെറ്റിധാരണ കൊണ്ടായിരുന്നു, അറിയാതെ ചെയ്ത അബദ്ധം.ഏതോ മൃഗങ്ങൾ വെള്ളം കുടിക്കുകയാണെന്നായിരുന്നു രാജാവ് ധരിച്ചത്. പക്ഷെ തെറ്റ് മനസ്സിലാക്കിയ രാജാവിന് ആ മുനികുമാരന്റെ അന്ധരായ മാതാപിതാക്കളുടെ ശാപം, തന്റെ പ്രിയ പുത്രനായ ശ്രീരാമന്റെ വിരഹത്തിലൂടെയും തദ്വാരായുണ്ടായ മരണത്തിലൂടെയും ദശരഥന് അനുഭവിയ്‌ക്കേണ്ടി വന്നു.

ശ്രീരാമൻ തന്റെ വനവാസകാലത്ത്, സീതാ ദേവിയെ രാവണൻ കടത്തിക്കൊണ്ടു പോയ സമയം, രാവണനോടു യുദ്ധം ചെയ്യാൻ വാനര സൈന്യത്തിന്റെ പിന്ബലം തേടിയ സാഹചര്യത്തിൽ ബാലി സുഗ്രീവൻ യുദ്ധത്തിൽ ധര്‍മ്മ സംസ്ഥാപനത്തിനായി, തന്റെ അകമഴിഞ്ഞ ഭക്തനായ ബാലിയെ, ഒളിയമ്പെയ്ത് കൊല്ലേണ്ടി വന്നു. ആ ശാപം മൂലം പിൽക്കാലത്ത്‌ ശ്രീകൃഷ്ണനായി രാമൻ പുനരവതരിക്കുകയും ശാപത്തിന്റെ പിടിയില്‍ നി്ന്നു മുക്തനാകാന്‍ തന്റെ സ്വന്തം കുലം പോലും നശിക്കുന്നതിനു കാരണമായി തീരുകയും ചെയ്തു.

ശാപം എന്നത് നിസ്സഹായനായ ജീവികളുടെ മനസ്സിലെ വിഷമവും കോപവും അതേൽപ്പിക്കുന്ന ആളിന്റെ മേൽ പതിക്കുന്നതാണ്. നാവു കൊണ്ട് പറയുന്ന ശാപവും ഫലിക്കും. സഹജീവികളോട് കരുണയും സ്നേഹവും പ്രകടിപ്പിക്കുക, സ്വയം അറിഞ്ഞു ചെയ്യുന്ന തെറ്റുകൾ സ്വയം തിരുത്തുക ഈശ്വര ഭജനം. ഇതൊക്കെ ഒരു പരിധി വരെ മനസ്സിന്റെ ചാപല്യങ്ങളെ മാറ്റി നിർത്തും.