വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെ?


വയറിലെ കൊഴുപ്പ് കുറയ്ക്കാനായി കൃത്യമായ ഡയറ്റും വ്യായാമവും പ്രധാനമാണ്. ഇതിനായി കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങളും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. പയറുവര്‍ഗങ്ങള്‍: പ്രോട്ടീനും ഫൈബറും അടങ്ങിയ പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കാനും വയറിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും.

2. യോഗര്‍ട്ട്:  പ്രോട്ടീനിന്‍റെ മികച്ച ഉറവിടമായ യോഗര്‍ട്ടും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.

3. ആപ്പിള്‍: ഫൈബര്‍ ധാരാളം അടങ്ങിയ ഒരു ഫ്രൂട്ടാണ് ആപ്പിള്‍. അതിനാല്‍ ആപ്പിള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.

4. ഉലുവ: ഫൈബര്‍ ധാരാളം അടങ്ങിയ ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വയറിലെ കൊഴുപ്പിനെ കുറയ്ക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.

വയറിലെ കൊഴുപ്പിനെ കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1. ഫ്രഞ്ച് ഫ്രൈസ്: ഫ്രഞ്ച് ഫ്രൈസിലും പൊട്ടാറ്റോ ചിപ്സിലുമൊക്കെ ഉയർന്ന അളവിൽ കൊഴുപ്പും, കലോറിയും അടങ്ങിയിരിക്കുന്നു. ഇത് അമിതമായി കഴിക്കുന്നത് കൊളസ്ട്രോളിന്‍റെ അളവ് കൂടാനും അടിവയറു കൂടാനും കാരണമാകും. അതിനാല്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക.

2. വൈറ്റ് റൈസ്: കാര്‍ബോഹൈട്രേറ്റിന്‍റെ മികച്ച ഉറവിടമായ അരിയും പരമാവധി കുറയ്ക്കുന്നതാണ് വയറു കുറയ്ക്കാന്‍ നല്ലത്.

3. ഐസ്ക്രീം: ഷുഗറും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഐസ്ക്രീമും വയറിലെ കൊഴുപ്പ് കൂടാന്‍ കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കുക.

4. മധുര പലഹാരങ്ങളും മിഠായികളും:  മധുര പലഹാരങ്ങളും മിഠായികളും, പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഡയറ്റില്‍ നിന്ന് പരമാവധി ഒഴിവാക്കുന്നതാണ് വയര്‍ കുറയ്ക്കാന്‍ നല്ലത്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയര്‍ത്താനും ഇടവരുത്തും. ഒപ്പം വണ്ണം കൂടാനും കാരണമാകും.

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.