കൃഷ്ണ പ്രിയ;
ജെല്ലിക്കെട്ട് വിഷയത്തിൽ ഇത് വരെ കമാ മിണ്ടീട്ടില്ല.
മൃഗസ്നേഹം മുട്ടീട്ടു ഇരിക്കാൻ വയ്യാത്ത , കാളയെ നേരിട്ട് കണ്ടിട്ട് പോലുമില്ലാത്ത ചില വ്യക്തികളുടെ അഭിപ്രായ പ്രകടനങ്ങൾ കണ്ടപ്പോൾ ഒന്ന് മിണ്ടാൻ തോന്നുന്നു.
ആദ്യം എന്താണ് ജെല്ലിക്കെട്ട് എന്ന് നോക്കാം..
ജെല്ലിക്കെട്ട് മനുഷ്യന്റെ ശൗര്യം പ്രകടിപ്പിക്കാനുള്ള ഒരു അവസരം ആണെന്ന് ഒറ്റവാക്കിൽ പറയാം. മനുഷ്യൻ/ മനുഷ്യർ ശക്തിമത്തനായ ഒരു വിത്തുകാളയെ മെരുക്കിയെടുക്കുന്ന വിനോദമാണ് ജെല്ലിക്കെട്ട് . കാളകളെ മെരുക്കി സ്വന്തം ശക്തി തെളിയിക്കുന്നത് പണ്ട് മുതലേ വർദ്ധിത വീര്യമുള്ളവർ നടത്തുന്ന ഒരു വിനോദമാണ്. തമിഴ് സുവർണ കാലത്തോളം, ക്രിസ്തുവിനും മുൻപ്, എന്തിനധികം സിന്ധു നദീ തട സംസ്കാരത്തോളം പഴക്കമുണ്ടിതിന് എന്ന് കണക്കാക്കപ്പെടുന്നു.
എന്താണ് ജെല്ലിക്കെട്ടിന്റെ പ്രത്യേകത ?
വിത്തുകാളയെ, അമ്പലക്കാളയെ കണ്ടിട്ടില്ലേ? ഒരൊത്ത മനുഷ്യന്റെ ഉയരവും നാലഞ്ചു ഒത്ത മനുഷ്യന്മാരുടെ ശക്തിയും കാണും ഇവർക്ക് .ചുമലിൽ ഉള്ള പൂഞ്ഞ ശക്തിയുടെ ഗാംഭീര്യത്തിന്റെ അടയാളമാണ്.. കൊമ്പന് തലയെടുപ്പ് പോലെയാണ് കാളകൾക്ക് പൂഞ്ഞ. ഈ പൂഞ്ഞയില് പിടിച്ചു കയറി ഇരുന്നാണ് കാളകളെ മെരുക്കുന്നത്. ഇതിനായി കാളകളെ ഒന്ന് വിരട്ടേണ്ട ആവശ്യമുണ്ട് . വിരണ്ടോടുന്ന കാളയുടെ പൂഞ്ഞയില് പിടിച്ചു കയറി അവയെ മെരുക്കും. ഇതാണ് ജെല്ലിക്കെട്ട് .
സംസ്കാരം
ഭാരത സംസ്കാരത്തിലെ വീരരസത്തിന്റെ ആഘോഷമാണ് ജെല്ലിക്കെട്ട് . ഏകതയല്ല വൈവിധ്യമാണ് ഭാരതത്തിന്റെ പ്രത്യേകത.. അവിടെ കാളയെ മെരുക്കുന്നവനും പുലിയെ മെരുക്കുന്നവനും ഒക്കെ വേണം. ഭാരതം ബുദ്ധനെ പിന്തുടർന്ന് വീര്യവും ക്ഷാത്രവും നശിച്ചു പോയ സമയത്താണ് വർദ്ധിത വീര്യമുള്ള പരദേശികൾ ഇവിടം കീഴടക്കിയതെന്നു മറക്കരുത്.ജെല്ലിക്കെട്ട് കാളകളെ തമിഴന് ജീവനാണ്. അവന്റെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ഭാഗമാണ്. തമിഴന്റെ സംസ്കാര സ്നേഹം കണ്ടു പഠിക്കേണ്ടതുണ്ട് നമ്മളൊക്കെ . അവന്റെ ഭാഷയോടും സംസ്കാരത്തോടും അവനിഷ്ടപ്പെടുന്ന വ്യക്തികളോടും അവനു നിലനിൽപ്പ് നല്കുന്നതെന്തൊക്കെയാണോ അവയോടെല്ലാം തീവ്രമായ വൈകാരിക സ്നേഹം കാത്തു സൂക്ഷിക്കുന്നവനാണ് തമിഴർ.
അവരൊരിക്കലും അവരുടെ ജീവനോപാധിയായ കാളകളെ പീഡിപ്പിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യില്ല. മൃഗപീഡനം എന്നത് അവിടെ ഒരു പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. സായിപ്പിന്റെ നീലക്കണ്ണുകളിൽ കൂടി , പട്ടിയെ കെട്ടിപ്പിടിക്കുന്ന സ്നേഹത്തിൽ നിന്നുമല്ല ഭാരതീയൻ അവന്റെ മൃഗസ്നേഹത്തിന്റെ വ്യാപ്തി അളക്കേണ്ടത്.സായിപ്പ് പട്ടിയെ കെട്ടിപ്പിടിക്കുന്നത് കെട്ടിപ്പിടിക്കാൻ പറ്റുന്ന മറ്റൊരു ജീവിയും ഇല്ലാത്തതു കൊണ്ടാണ്. പട്ടിയെ കെട്ടുന്ന ബെൽറ്റ് വെച്ച് വിത്തുകാളയെ കെട്ടാൻ നോക്കുന്നവർ വെറും വിഡ്ഡികളാണ്. ഓൺലൈൻ മൃഗ സ്നേഹം പുലമ്പുന്നവരാരും ഒരു വിത്തുകാളയെ അഴിച്ചു കെട്ടിയിട്ടു പോലുമുണ്ടാവില്ല എന്നതാണ് സത്യം. കെട്ടിയാൽ അറിയാം അതിന്റെ വീര്യവും ശക്തിയും!!
മൃഗസ്നേഹം
കാളകളെ ഓടിക്കാൻ വേണ്ടി അവയെ ചെറുതായി ഒന്ന് വിരട്ടേണ്ടി വരും. അതിനു വേണ്ടി ചിലപ്പോൾ അവയുടെ വാലിൽ കടിക്കുകയോ , അടിക്കുകയോ ചെയ്യും .ഈ സംഭവത്തെയാണ് കൊടിയ മൃഗപീഡനം എന്ന് മൃഗസ്നേഹികൾ മുദ്രകുത്തുന്നത്. പിന്നെയും പിന്നെയും വാലിൽ കടിക്കുന്നുണ്ടെങ്കിൽ അതവയ്ക്ക് ഒട്ടും വേദനിക്കുന്നില്ല എന്നത് കൊണ്ടാണ്. ഒരൊറ്റക്കുറി വേദനിച്ചാൽ തന്നെ കാളകൾ വിറളി പിടിച്ചോടും.. വേദന സഹിച്ചും കടിച്ചമർത്തിയും നിൽക്കാൻ അവർ മെഗാസീരിയൽ നായികമാർ അല്ലല്ലോ.. ഈ ഒരു ചെറിയ വേദനയെ മൃഗപീഡനം ആയി മുദ്രകുത്തുകയാണെങ്കിൽ കുഞ്ഞുങ്ങൾക്ക് ഇൻജെക്ഷൻ വെക്കുന്നതും ബാല പീഡനം ആയി കണക്കാക്കേണ്ടി വരും. ഇളം തൊലിയിൽ കുത്തി നോവിച്ചു കരയിപ്പിക്കാനുള്ള അധികാരം നിങ്ങള്ക്കാര് തന്നു? കുഞ്ഞിനോട് ചോദിച്ചിട്ടാണോ കുഞ്ഞിനെ കുത്തിവെക്കുന്നത്? എന്ന ചോദ്യങ്ങളൊക്കെ വരും. അത്രമേൽ ബാലിശമായ ലോജിക് ആണ് മൃഗ സ്നേഹികളുടെത് . കടിച്ചു പറിച്ചു തിന്നാം പക്ഷെ കൂടെ കളിക്കരുത്. നല്ല സൂപ്പർ ലോജിക്!!
ഇനി ഇതിലെ ഭാരതീയ വശം പറയാം
ഒരിക്കലും ഒരു സായിപ്പിനും മദാമ്മക്കും ഇത് മനസ്സിലാവാൻ പോണില്ല. അബ്രഹാമിക് കോൺസെപ്റ് വെച്ച് മനുഷ്യന്റെ സുപ്രീമസിക്കു മാത്രമേ സ്ഥാനമുള്ളൂ.. സ്പെയിനിലെ കാളപ്പോരു നോക്കൂ. കൊല്ലാൻ വേണ്ടി ഒരു മൃഗത്തെ വളർത്തി , പീഡിപ്പിച്ചു പീഡിപ്പിച്ചു കൊല്ലുകയാണ് അവിടെ.. ആയുധം ഉപയോഗിച്ച് മിണ്ടാപ്രാണിയെ ദയനീയമായി കൊല്ലുകയാണ്. അവിടെ അപകടം സംഭവിക്കുന്നത് ജീവിക്കു മാത്രമാണ്. മനുഷ്യനല്ല. ജെല്ലിക്കെട്ടിൽ കാളകളേക്കാൾ കൂടുതൽ അപകട സാധ്യത മനുഷ്യർക്കാണ് .ഭാരതീയ സംസ്കാരത്തിലെ സകല ജീവികൾക്കുമുള്ള തുല്യത , സമത്വം തന്നെയാണ് ജെല്ലിക്കെട്ടിൽ പ്രാവർത്തികമാക്കുന്നത്.
ആയുധമുപയോഗിക്കാൻ അറിയാഞ്ഞിട്ടല്ല ജെല്ലിക്കെട്ടിൽ അത് ചെയ്യാത്തത്. അതിനു പിന്നിൽ അവനു അവന്റെ കാളയോടുള്ള സ്നേഹം തന്നെയാണ്. അവിടെ അവൻ ആ കാളയെ കൊല്ലുവാൻ ആഗ്രഹിക്കുന്നില്ല. ഒരു മനുഷ്യൻ അവൻ പൊന്നു പോലെ വളർത്തുന്ന ജീവിയുടെ കൂടെ കളിക്കുന്നതും ഗുസ്തി പിടിക്കുന്നതും ഇത്രയധികം അരോചകമായി ആർക്കെങ്കിലും തോന്നുന്നെങ്കിൽ അതാ സംസ്കാരവുമായുള്ള അടുപ്പമില്ലായ്മ കൊണ്ട് മാത്രമാണ്. മണ്ണിനോടും മൃഗങ്ങളോടുമുള്ള അകൽച്ചയാണ്. കാളകൾ കെട്ടിപ്പിടിക്കേണ്ടതും കളിക്കേണ്ടതുമായ സാധനം അല്ല അവ അറക്കാൻ വേണ്ടി മാത്രമുള്ളതാണ് എന്നതാണ് അതിന്റെ അടിസ്ഥാന തത്വം.
ഇനി, സായിപ്പിന്റെ മൃഗ സ്നേഹവും ഇതേ അബ്രഹാമിക് സുപ്രീമസിയുടെ പ്രതിഫലനമാണ്.. നിനക്ക് വേണ്ടി ഞാൻ മൃഗങ്ങളെ സൃഷ്ടിച്ചുവെന്നു പറയുന്ന യഹോവ അവയെ അവനു വേണ്ടി പതിച്ചു നൽകിയിരിക്കുകയാണ്. ജന്തുക്കളെ ഉപദ്രവിച്ചു മതിയായപ്പോൾ സായിപ്പിനു മദാമ്മക്കും അവരെ ഇനി ഒന്ന്സ്നേഹിക്കാം എന്ന് തോന്നി. യഹോവ തങ്ങൾക്കു വേണ്ടി സൃഷ്ടിക്കുന്ന മൃഗങ്ങളെ സ്നേഹിച്ചില്ലെങ്കിൽ മോശല്ലേ? അവൻ എല്ലാറ്റിലും ഉയർന്നവനല്ലേ? ബൗദ്ധികമായും ശാരീരികമായും അവനല്ലേ കേമൻ? അതുകൊണ്ടു വെറുതെ ഇങ്ങനെ ഇരുന്നു തിന്നാൽ മാത്രം പോരാ ഇടയ്ക്കൊക്കെ മൃഗങ്ങളെ സ്നേഹിക്കുകയും വേണ്ടേ എന്നവന് തോന്നുന്നതിൽ തെറ്റൊന്നും ഇല്ല .
എന്നാൽ ഭാരതീയരുടെ രീതി ഒരിക്കലുമിങ്ങനെയല്ല. സനാതന ധർമ്മപാതയനുസരിച്ചു ജീവിതവും ജീവനവും ഒരു യജ്ഞമാണ്.. അവിടെ കൊടുക്കലും വാങ്ങലും ഉണ്ട് എന്ന പൂർണ്ണമായ ബോധവും ഓരോരുത്തർക്കുമുണ്ട് .. അതിന്റെ ഭാഗമായാണ് ഓരോ ഉത്സവങ്ങളും ഓരോ ആചാരങ്ങളും ഈ മണ്ണിൽ രൂപപ്പെട്ടിരിക്കുന്നത്. സ്പെയിനിലെ കാള പിടഞ്ഞു വീണു മരിക്കുമ്പോൾ ഭാരതത്തിലെ കാള തലയുയർത്തി നിൽക്കുന്നതും ഈ സഹവർത്തിത്വത്തിന്റെ ഭാഗം തന്നെയാണ്. ഭാരതത്തിലെ പുൽക്കൊടിക്ക് പോലും ദൈവീകാംശം കല്പിക്കുന്നതും അതുകൊണ്ടു തന്നെയാണ്.
സംസ്കാരത്തിന്റെ , രാഷ്ട്രത്തിന്റെ നില നിൽപ്പാണ് പ്രധാനം. നിലനില്പിനാധാരമാവട്ടെ ധർമ്മവും . ഈ ധർമ്മം രണ്ടു തരത്തിലുണ്ട് .. മുഖ്യ ധർമ്മവും ഗൗണധർമ്മവും. മുഖ്യ ധർമ്മമേത് ഗൗണ ധർമ്മമേത് എന്ന വിവേചനം അങ്ങേയറ്റം ദുഷ്കരമാണ്. ഇതിനാണ് ധർമ്മ ശാസ്ത്ര ഗ്രന്ഥങ്ങൾ . രാജ്യത്തിന് വേണ്ടി ഗ്രാമത്തെയും ഗ്രാമത്തിനു വേണ്ടി കുടുംബത്തെയും കുടുംബത്തിന് വേണ്ടി വ്യക്തിയെയും ഉപേക്ഷിക്കുന്നത് ധർമ്മമാണ്. അത് അബ്രഹാമികരീതിയിൽചിന്തിക്കുന്നവർക്ക് മനസ്സിലാവുകയില്ല. അത് കൊണ്ടാണ് ശ്രീ രാമന്റെ സീതാ ത്യാഗം ഇത്രയധികം വിമര്ശിക്കപ്പെടുന്നതും. രാമൻ മുഖ്യ ഗൗണ ധർമ്മങ്ങൾക്കിടയിലെ ആ ചെറുനൂൽപ്പാലത്തിലൂടെയുള്ള നടത്തമാണ് സീതാ പരിത്യാഗത്തിലൂടെ നടത്തിയത്. അതിവിടെ വിഷയമല്ല. ഉദാഹരണം പറഞ്ഞുന്നു മാത്രം.
ഇവിടേ മുഖ്യ ധർമ്മം ജെല്ലിക്കെട്ടെന്ന പഴമയുടെ, ഒരു ജീവിത സംസ്കാരത്തിന്റെ ആഘോഷമാണ്. അവിടെ ‘കാളയുടെ വാലിന്മേൽ കടിക്കുന്നു’ എന്ന മൃഗപീഡനമാകുന്ന ഗൗണ ധർമ്മത്തിന് ( അത് പീഡനമല്ല, എങ്കിലും മൃഗ സ്നേഹികളുടെ ആശ്വാസത്തിന് അങ്ങനെ കരുതിയാൽ കൂടി) യാതൊരു സ്ഥാനവുമില്ല. ജെല്ലിക്കെട്ട് ഒരു സംസ്കാരമാണ്. ഒരു ജനതയുടെ ആഘോഷമാണ്.. അവിടേക്ക് കാളയുടെ വാലിന്റെ പേരിൽ നടത്തുന്ന മൃഗ പീഡനം കൂട്ടിക്കെട്ടുന്നത് തികച്ചും അപഹാസ്യവും.
ഈ ചിത്രത്തിൽ കാണുന്ന നാല് വയസ്സുകാരനെ ആ കൂറ്റൻ കാളയുടെ പുറത്തു കയറ്റി ഇരുത്തുമ്പോൾ അവന്റെ അച്ഛനമ്മമാർക്കുള്ള ആ വികാരമുണ്ടല്ലോ .. ആ വിശ്വാസമുണ്ടല്ലോ … അതാണ് യഥാർത്ഥത്തിലുള്ള മൃഗസ്നേഹം… അതാണ് യജ്ഞ ഭാവന.. ഇത്തിരിപ്പോന്ന പട്ടിയെയും പൂച്ചകളെയും മാത്രം ഉമ്മ വെച്ച് വളരുന്നവരോട് ഇതൊക്കെ പറഞ്ഞിട്ടെന്തു കാര്യം… !!
മൃഗപീഡനമെന്ന മധുര മിട്ടായിയെ മുന്നിൽ നിർത്തി ഉള്ളിൽ കൂടി കളിക്കുന്നവരുടെ ഉദ്ദേശ ശുദ്ധി ഇനിയും വിശദീകരിക്കുന്നില്ല. തദ്ദേശീയമായ വിത്തുകാളകൾ നിലനിൽക്കുന്നതിനുള്ള ഏക ഉപാധി തമിഴർക്ക് ജെല്ലിക്കെട്ടാണ്. ആ ജെല്ലിക്കെട്ട് നിന്ന് പോകേണ്ടത് പലരുടെയും ആവശ്യവുമാണ്. പിന്നിൽ കളിക്കുന്നവരിൽ മതവും കച്ചവടവുമുണ്ട്.. അതൊക്കെ ആവശ്യത്തിലധികം പറഞ്ഞതുമാണ് . മാനവികത , മതേതരത്വം പോലെ മധുരമുള്ള, വിഷം പുരട്ടിയ ഒരു മിട്ടായിയാണ് ഈ മൃഗ സ്നേഹവും..ഇപ്പോൾ അത്രമാത്രം…