സോഷ്യല്‍ മീഡിയ ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. പ്രത്യേകിച്ച് ഫേസ്ബുക്ക്. സംഗതി രസമാണെങ്കിലും ചില സമയത്ത് ചില സുഹൃത്തുക്കളിടുന്ന പോസ്റ്റുകള്‍ കാണുമ്പോള്‍ സ്വയം താഴ്ന്നുപോകുന്ന അവസ്ഥവരെ ഉണ്ടായവരുണ്ട്. അത്തരക്കാരെ പരമാവധി ഒഴിവാക്കുകയാണ് നല്ലത്. ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് ധൈര്യമായി അണ്‍ഫ്രണ്ട് ചെയ്യാവുന്ന തരം സുഹൃത്തുക്കളെപ്പറ്റിയാണ് ചുവടെ പറയുന്നത്.
ചിലരുണ്ട്, സ്വന്തം ജീവിതത്തിന്റെ ആര്‍ഭാടങ്ങളും അടിച്ചുപൊളിയുമെല്ലാം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യും. അത് ഫോട്ടോ ആയിട്ടും സ്റ്റാറ്റസ് ആയിട്ടുമെല്ലാം. മറ്റുള്ളവരുടെ മുന്നില്‍ ഒരു ഷോ തന്നെയാണ് ഇക്കൂട്ടരുടെ ഉദ്ദേശം. ഇത്തരം പോസ്റ്റുകള്‍ കണ്ട് ഇവരുടെയൊക്കെ മുന്നില്‍ ഞാന്‍ ഒന്നുമല്ല എന്നൊരു തോന്നല്‍ നിങ്ങളില്‍ ഉണ്ടാവുന്നുവെങ്കില്‍ ഒട്ടും മടിക്കേണ്ട; അത്തരം സുഹൃത്തുക്കളെ നിങ്ങള്‍ക്ക് ധൈര്യമായി അണ്‍ഫ്രണ്ട് ചെയ്യാം. മറ്റ് ചിലരുണ്ട്. രാഷ്ട്രീയമാവട്ടെ, സാമൂഹികമാവട്ടെ. തോന്നിയതെല്ലാം ഫേസ്ബുക്കില്‍ കുറിച്ച് മറ്റുള്ളവരോട് തര്‍ക്കിച്ച് കൊണ്ടേയിരിക്കും. ഇവരേയും ഒഴിവാക്കാവുന്നതാണ്.
ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മേധാവിയേയും ഫ്രണ്ട്‌ലിസ്റ്റില്‍ നിന്നും ഒഴിവാക്കാവുന്നതാണ്. എന്തിനും ഏതിനും വിമര്‍ശിച്ച് കുളമാക്കി കയ്യില്‍ത്തരുന്ന ചില സുഹൃത്തുക്കള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ അണ്‍ഫ്രണ്ട് ചെയ്യാന്‍ ഒട്ടും മടിക്കേണ്ടതില്ല. നിങ്ങളുടെ പൂര്‍വ്വ കാമുകന്‍ അല്ലെങ്കില്‍ പൂര്‍വ്വ കാമുകിയോ ഫ്രണ്ട് ലിസ്റ്റില്‍ ഉണ്ടെങ്കില്‍ അവരേയും ഒഴിവാക്കി തടിയൂരുന്നതാവും നല്ലത്. കാരണം എപ്പോഴും അവരെന്ത് ചെയ്യുന്നു എന്ന് നോക്കാനുള്ള ഒരു പ്രവണത വരും എന്നത് തന്നെ. ഇത് കൂടുതല്‍ കുഴപ്പത്തിലേക്കാവും നിങ്ങളെ കൊണ്ടെത്തിക്കുക.
എല്ലാത്തിലുമുപരി നിങ്ങള്‍ക്ക് നേരിട്ട് പരിചയമില്ലാത്തവരുമായി ഫേസ്ബുക്കില്‍ അത്രയങ്ങോട്ട് അടുപ്പം കാണിക്കാതിരിക്കാനും ശ്രമിക്കണം. അതുകൊണ്ട് അത്തരക്കാരെയും നിങ്ങള്‍ക്ക് സുഹൃദ് ലിസ്റ്റില്‍ നിന്നും ഒഴിവാക്കാം.