ശരീരത്തിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു പ്രധാന അവയവമാണ് കരള്‍. ശരീരത്തിലെ ശുദ്ധീകരണശാല കൂടിയാണ് കരള്‍.
കരളിന്റെ പ്രവര്‍ത്തനങ്ങളെ താറുമാറാക്കുന്ന ചില പ്രവര്‍ത്തികള്‍ നമ്മുടെ ഭാഗത്ത് നിന്നുണ്ടാകാറുണ്ട്. അതൊക്കെ ഒന്ന് ഒഴിവാക്കിയാല്‍ കരളിന്റെ ആരോഗ്യത്തെ സംരക്ഷിച്ചു പൂര്‍ണ ആരോഗ്യത്തോടെ കഴിയാം. നമ്മള്‍ കഴിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കരളിന്റെ ആരോഗ്യത്തെ സ്വാധീനിക്കാറുണ്ട്. പതിവായോ അമിതമായോ ഈ പറയുന്ന ഭക്ഷണങ്ങള്‍ കഴിച്ചാലും കരളിനെ തകരാറാക്കാറുണ്ട്. കരളിന്റെ ആരോഗ്യം കൃത്യമായി സംരക്ഷിച്ചില്ലെങ്കില്‍ പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
കരളിനെ സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും അതുപോലെ ജീവിതശൈലിയും പിന്തുടരേണ്ടത് ഏറെ പ്രധാനമാണ്. ചിലര്‍ക്ക് മദ്യപിക്കാതെ തന്നെ കരള്‍ രോഗങ്ങള്‍ ഉണ്ടാകാം. മദ്യപിക്കാത്തവരില്‍ കരളിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ ശരീരം നല്‍കുന്ന സൂചനകളെ കുറിച്ച് അറിയാം….
* ക്ഷീണം – ക്ഷീണവും തളര്‍ച്ചയുമാണ് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. മെറ്റബോളിസത്തില്‍ കരള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അത് ശരിയായ പ്രവര്‍ത്തിക്കാതെ വരുമ്പോള്‍ അത് ക്ഷീണമുണ്ടാക്കുന്നു. അമിതമായി ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ ഒരു ഡോക്ടറെ കണ്ട് വിദഗ്ധമായ പരിശോധന തേടുക. ഇത് ചില ലക്ഷണങ്ങള്‍ മാത്രമാണ്. കൃത്യമായ ഡോക്ടറുടെ സഹായത്തോടെ വേണം രോഗം നിര്‍ണയിക്കാന്‍.
* കണ്ണിലെ മഞ്ഞ നിറം – കരള്‍ സംബന്ധമായ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പ്രധാനമായും ഉണ്ടാകുന്ന ലക്ഷണങ്ങളിലൊന്നാണ് കണ്ണിലെ മഞ്ഞ നിറം. ശരീരത്തിലെ ബിലുറുബിന്റെ അളവ് വര്‍ധിക്കുമ്പോള്‍ ചര്‍മ്മത്തിലും കണ്ണിലും മഞ്ഞ നിറം കാണപ്പെടുന്നു. ചുവന്ന രക്താണുക്കളുടെ കേടുപാടുകള്‍ മൂലമാണ് ഈ മഞ്ഞ നിറമുണ്ടാകുന്നത്. മഞ്ഞ പിഗ്മെന്റിനെ ബിലിറൂബിന്‍ എന്നാണ് വിളിക്കുന്നത്. ബിലിറൂബിന്‍ പ്രോസസ്സ് ചെയ്യുന്നതില്‍ പരാജയപ്പെടുന്ന ഹെപ്പറ്റൈറ്റിസ് അല്ലെങ്കില്‍ സിറോസിസ് പോലുള്ള കരള്‍ രോഗം മൂലമാണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.
* വീക്കം – അടിവയറ്റിലോ അല്ലെങ്കില്‍ കാലുകളിലോ വീക്കമുണ്ടായാല്‍ ശ്രദ്ധിക്കണം. ലിവര്‍ സിറോസിസാണ് പ്രശ്‌നമാണെങ്കില്‍ അത് ദ്രാവകം അടിഞ്ഞുകൂടുന്നതിനും വീര്‍ക്കുന്നതിനും കാരണമാകും. ഇതിനെ അസൈറ്റ്സ് എന്ന് വിളിക്കുന്നു. ഇതുമൂലം അടിവയറ്റില്‍ വീക്കം പ്രത്യക്ഷപ്പെടാം. ഇതോടൊപ്പം കാലില്‍ ദ്രാവകം അടിഞ്ഞുകൂടും. കാലുകളിലും അമിതമായി വീക്കുമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
* മൂത്രത്തിലെ നിറവ്യത്യാസം – ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യമാണ് മൂത്രത്തിലെ നിറവ്യത്യാസം. കരളിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തരത്തിലുള്ള തകരാര്‍ സംഭവിച്ചാല്‍ അത് മൂത്രത്തിന്റെ നിറത്തില്‍ വ്യത്യാസം വരുത്തുന്നു. മൂത്രം വിളറിയതോ തവിട്ടുനിറമോ ആകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം വിദഗ്ധ പരിശോധന നടത്തുക. മൂത്രത്തില്‍ ബിലിറൂബിന്‍ അടങ്ങിയതാണ് ഈ നിറത്തിന് കാരണം. ഇത് സാധാരണയായി കരള്‍ വഴി പ്രോസസ്സ് ചെയ്യുകയും പുറന്തള്ളുകയും ചെയ്യുന്നു.
* വയറ് വേദന – മറ്റൊരു പ്രധാന പ്രശ്നങ്ങളിലൊന്നാണ് വയറ് വേദന. സാധാരണയായി എന്തെങ്കിലും ഭക്ഷണം കഴിച്ച് പിടിക്കാതെ ഉണ്ടാകുന്ന വയറ് വേദനയാണോ അതോ മറ്റ് എന്തെങ്കിലും പ്രശ്നമാണോ എന്ന് കൃത്യമായി കണ്ടെത്തുക. അസാധാരണമായ വയറുവേദനയോ അസ്വാസ്ഥ്യമോ കരളിന്റെ വീക്കം അല്ലെങ്കില്‍ മറ്റ് പ്രശ്നങ്ങളുടെ ഫലമായിരിക്കാം. ഇത് ചെറിയ വേദന മുതല്‍ കഠിനമായ വേദന വരെയാകാം. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ഇത് വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ നിര്‍ബന്ധമായും പരിശോധിക്കുക.