ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയില്‍ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂര്‍വ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാര്‍ത്ഥസാരഥി സങ്കല്പത്തില് വലതുകൈയ്യില്‍ ചമ്മട്ടിയും ഇടതുകൈയ്യില്‍ പാഞ്ചജന്യവുമായി നില്ക്കുന്ന ശ്രീകൃഷ്ണന്റെ അപൂര്‍വ്വം പ്രതിഷ്ഠയാണ് ഇവിടുത്തേത് .ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാല്‍പ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന് ക്രി.വര്‍ഷം 1545-ലാണ് (കൊ.വര്‍ഷം 720) അമ്പലപ്പുഴയില്‍ ഈ ക്ഷേത്രം നിര്‍മ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളില്‍ ചമ്പക്കുളം പമ്പാനദിയില്‍ രാജപ്രമുഖന്‍ വള്ളംകളി 1545-മുതല്‍ അരങ്ങേറുന്നത്.
വളരെ പ്രസിദ്ധനായിരുന്ന ചെമ്പകശ്ശേരി രാജാവായിരുന്ന ദേവനാരായണന്, വില്വമംഗലം സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരം പണി കഴിപ്പിച്ചതാണ് അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം എന്നാണ് ഐതിഹ്യം. അമ്പലപ്പുഴയുടെ പഴയ പേര് ചെമ്പകശ്ശേരി എന്നാണ്. ചെമ്പകശ്ശേരിയില്‍ എത്തിയ വില്വമംഗലം സ്വാമിയാര് ആലില്‍ ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണനെ കണ്ട് ദേവചൈതന്യം നിലനിര്‍ത്താനായി ദേവനാരായണരാജാവിനോടു ക്ഷേത്രം പണിയുവാനായി നിര്‍ദ്ദേശിച്ചു. പാര്‍ത്ഥസാരഥിയാണ് പ്രതിഷ്ഠ.
നാറാണത്തുഭ്രാന്തന് പ്രതിഷ്ഠ നടത്തിയതായി കഥയുണ്ട്.
അമ്പലപ്പുഴയില്‍ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തന് നടത്തിയ പ്രതിഷ്ഠ. പ്രതിഷ്ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാര്‍ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോള്‍ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീന്‍ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാന്‍ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.
തന്ത്രിമാരെപ്പറ്റിയും ഒരൈതിഹ്യം നിലവിലുണ്ട്. തുടക്കത്തില്‍ കടികക്കോല്‍ മഠത്തിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. പ്രതിഷ്ഠിക്കാനായി തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്നു പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോല്‍ നമ്പൂതിരി എതിര്‍ത്തു. തെളിയിക്കാന്‍ ആവശ്യപ്പെടുകയും തെളിയിച്ചാല്‍ പാതി തന്ത്രം കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടന്‍ വിഗ്രഹം ഉടക്കുകയും അതില്‍ നിന്നും അഴുക്കു വെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിക്കാനുള്ള വിഗ്രഹം ക്ഷേത്രക്കുളത്തില്‍ ഉണ്ടെന്നു പുതുമന പറഞ്ഞതനുസരിച്ച് മുങ്ങിത്തപ്പിയെടുത്ത വിഗ്രഹം പ്രതിഷ്ഠിച്ചെന്നും ഐതിഹ്യം.
AD 1200-നു ശേഷം ആണ് ഇവിടെ ഇന്നത്തെ ക്ഷേത്രം പണിതത് എന്ന് പറയപ്പെടുന്നു. മറ്റൊരു സമയത്ത്, രാജാവ് തന്റെ രാജ്യവും മറ്റും അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ക് സാങ്കല്പികമായി കാഴ്ച്ചവച്ചു. ദേവനാരായണന് എന്ന സ്ഥാനപ്പേര് സ്വീകരിച്ചു.16-ആം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജാവു ചെമ്പകശ്ശേരിയെ ആക്രമിച്ചു കീഴ്പെടുത്തിയ ശേഷം ചെമ്പകശ്ശേരി രാജാവിന്റെ ശൈലി സ്വീകരിച്ചാണു തിരുവതാംകൂര്‍ രാജാവ് തിരുവിതാംകൂറിനെ ശ്രീപദ്മനാഭനു സമര്‍പ്പിച്ച ശേഷം പദ്മനാഭ ദാസന് എന്ന പേരു സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു.
ക്ഷേത്രത്തില്‍ ദിവസവും നേദിക്കുന്ന പാല്‍പ്പായസം പ്രസിദ്ധമാണ്.ഒരു ക്ഷാമകാലത്ത്, ചെമ്പകശ്ശേരി രാജാവു ഒരു പരദേശിയായ തമിഴ് ബ്രാഹ്മണ പ്രഭുവില്‍ നിന്നും കുറച്ചു ധാന്യം വായ്പ വാങ്ങുകയുണ്ടായി. എന്നാല്‍ ആ കടം പറഞ്ഞ സമയത്തു തിരികെ കൊടുക്കാന്‍ സാധിച്ചില്ല. ഒരിക്കല്‍ ആ ബ്രാഹ്മണന് ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ വന്ന് തന്റേ കുടുമ അഴിച്ചു ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുത് എന്ന്. അതു കേട്ട ഖിന്നനായ രാജാവു തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവന്‍ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുന്‍പായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാല്‍ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാന്‍ കൂട്ടാക്കിയില്ല. ചുരുക്കത്തില്‍ ആ ബ്രാഹ്മണന് ആ നെല്ലെല്ലാം ക്ഷേത്രത്തിലേക്കു സമര്‍പ്പിച്ച് പറഞ്ഞു. ആ നെല്ലിന്റെ വിലയും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്പായസം നല്കു എന്നു. അന്നു മുതലാണു ഇപ്പോള്‍ നാം കാണുന്ന പാല്പായസം തുടങ്ങിയത്.
ഉച്ചശീവേലിക്കുശേഷം തെക്കേഗോശാലയില്‍ ഗണപതിപൂജയോടെയാണ്ക്ഷേത്രത്തിലെ കൊടിയേറ്റ് ചടങ്ങുകള്‍ തുടങ്ങുന്നത്. ഗണപതിപൂജയ്ക്കുശേഷം ഉത്സവദിവസങ്ങളില്‍ എടുക്കുന്ന കോയ്മവടി മേല്‍ശാന്തി ശ്രീകോവിലില്‍ കൊണ്ടുപോയി പൂജിച്ച് കോയ്മസ്ഥാനി വലിയമഠം ജനാര്‍ദനപ്പണിക്കര്‍ക്ക് കൈമാറും. തുടര്‍ന്ന് വാദ്യപൂജ. കൊടി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പൂജിച്ച് ദേവചൈതന്യം ആവാഹിച്ച് കോയ്മയുടെ അനുവാദത്തോടെ വാദ്യപരീക്ഷ നടത്തി, പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് കൊടിയെഴുന്നള്ളിക്കുകയും പിന്നീട് തന്ത്രി കൊടിയേറ്റ് നടത്തുന്നു. കൊടിയേറ്റിനുശേഷം അമ്പലപ്പുഴ തച്ചന്റെ നേതൃത്വത്തില്‍ നാളികേരം ഉടച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. വൈകീട്ട് ദീപാരാധനയ്ക്കു മുന്‍പായി എട്ടുദിക്കിലും ദിക്കുകൊടിയേറ്റ്റുകയും ചെയ്യുന്നു.
കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളില്‍ ഒന്നാണ്. രണ്ടാം ഉത്സവ ദിനമായ തിങ്കളാഴ്ച ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാല്,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീര് എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വര്‍ണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങള്‍ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.
പുലര്‍ച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തില്‍ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങള്‍ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങള്‍ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളില്‍ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാല്‍ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകള്‍ നടക്കുന്നത്. ശുദ്ധാദി ദര്‍ശിക്കുന്നതിനും ആടിയശേഷമുള്ള തീര്‍ഥം സേവിക്കുന്നതിനും നല്ല തിരക്കാണ് ഉണ്ടാകുക. ക്ഷേത്രം തന്ത്രിമാരായ പുതുമന-കടിയക്കോല്‍ തന്ത്രിമാരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്.
ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യക്കുള്ള കുട്ടവരവ് എട്ടാ0 ഉത്സവദിവസ0 വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്രത്തില്‍നിന്നാണ് ആരംഭിക്കുന്നത്.ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ നവ്യാവിഷ്കാരമാണ്. നാടിന്റെ നാനാദിക്കുകളില്‍നിന്നുമുള്ള ആയിരക്കണക്കിന് ഭക്തര്‍ നാടകശാലസദ്യയില്‍ പങ്കെടുക്കാനും ചടങ്ങ് ദര്‍ശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തും.
നാടകശാലസദ്യക്കു പിന്നിലുള്ള ഐതിഹ്യമിങ്ങനെ:
ഭക്തോത്തമനായ വില്വമംഗലത്ത് സ്വാമിയാര് ഒരിക്കല്‍ ക്ഷേത്രദര്‍ശനത്തിനായി നാലമ്പലത്തില്‍ പ്രവേശിച്ചപ്പോള്‍ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാര് ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയില്‍ ക്ഷേത്രജീവനക്കാര്‍ക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാര്, ബാലന്റെ വേഷത്തില്‍ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാല്‍ ഭഗവാനെയാണ് കണ്ടത്. ‘കണ്ണാ’ എന്നുവിളിച്ച് സ്വാമിയാര് ഓടിയടുത്തെങ്കിലും ഭഗവാന് ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാര്‍ക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിര്‍ത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോള്‍ ഭഗവാന് മണിക്കിണറിനു മുകളില്‍ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.നാലുകൂട്ടം പ്രഥമന്‍, നാലുകൂട്ടം ഉപ്പേരി, അവിയല്‍, തോരന്‍, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാര്‍, കാളന്, പാല്, പഞ്ചസാര, കല്‍ക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയില്‍ വരിവരിയായിട്ട തൂശനിലകളില്‍ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തര്‍ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തന്‍കുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികള്‍ ക്ഷേത്രസന്നിധിയില്‍ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. ക്ഷേത്രക്കുളത്തില്‍ മുങ്ങി ദര്‍ശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകള്‍ പൂര്‍ത്തിയാവും.
ഒന്‍പതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകുംനേരത്തെ അമ്പനാട്ടു പണിക്കന്റെ വരവ്. ക്ഷേത്രനിര്‍മ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ ഉണ്ണിരവിക്ക് ചെമ്പകശ്ശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കര്‍ സ്ഥാനം. അമ്പലപ്പുഴ രാജാവ് നല്കിയ തോട്ടിക്കടുക്കനും, വാളുമായാണ് അമ്പനാട്ടു പണിക്കന്റെ പിന്മുറക്കാര് ഒമ്പതാം ഉത്സവനാളില്‍ പരിവാരസമേതം ക്ഷേത്രദര്‍ശനത്തിനെത്തുന്നത്