കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ. ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും. ഫാറ്റി ലിവർ കരൾ വീക്കത്തിലേക്കും കരളിന്റെ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്കും നയിക്കാം. ഭക്ഷണശീലങ്ങളിൽ വരുത്തുന്ന മാറ്റങ്ങളിലൂടെ ഫാറ്റി ലിവർ രോഗസാധ്യത ഒരു പരിധി വരെ കുറയ്ക്കാൻ സാധിക്കും.
അത്തരത്തിലുള്ള ഭക്ഷണങ്ങൾ ഏതൊക്കെ എന്നറിയാം: പയർ വർഗങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. പയർ, പരിപ്പ്, കടല, സോയ പയർ എന്നിവയിൽ അടങ്ങിയിരിക്കുന്ന റസിസ്റ്റന്റ് സ്റ്റാർച്ച് വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ മെച്ചപ്പെടുത്തും. ചീരയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ ശരീരത്തിലെ വിഷാംശം നീക്കം ചെയ്യാനും സഹായിക്കും.
ചീര വേവിച്ച് കഴിക്കുന്നതിനേക്കാൾ പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതൽ ആരോഗ്യപ്രദം. സാൽമൺ, മത്തി, ചൂര തുടങ്ങിയ മത്സ്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ കരളിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യങ്ങൾ കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ രോഗസാധ്യതകളും കുറയ്ക്കാൻ സാധിക്കും.
ഓട്സ് കഴിക്കുന്നത് നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗസാധ്യത കുറയ്ക്കും. പോഷക സമൃദ്ധവും ഫൈബർ സമ്പുഷ്ടവുമാണ് ഓട്സ്. നിരവധി ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ഓട്സ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ കരളിലെ വിഷാംശം നീക്കുന്നതിനും ഫാറ്റി ലിവർ രോഗമുള്ളവരിൽ കാണപ്പെടുന്ന എൻസൈമുകളുടെ തോത് കുറയ്ക്കുന്നതിനും സഹായിക്കും.