അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ


നമ്മുടെ ദൈനംദിന ജീവിതത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഓര്‍മ, ചിന്താശക്തി, അനുമാന ശേഷി എന്നിവയെയെല്ലാം ബാധിച്ചുകൊണ്ടാണ് പലപ്പോഴും അല്‍ഷിമേഴ്‌സിന്റെ ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവുക. സാധാരണയായി പ്രായമായവരിലാണ് ഈ അവസ്ഥ കൂടുതലായി കണ്ടുവരുന്നത്. ക്രമേണ നമ്മുടെ ഓര്‍മകള്‍ ഇല്ലാതാവുന്ന അല്‍ഷിമേഴ്‌സ് രോഗത്തിന് കൃത്യമായ ഒരു ചികിത്സയില്ലെങ്കിലും ചില മരുന്നുകളിലൂടെയും പരിചരണങ്ങളിലൂടെയും അതിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ കഴിയും.

ചില രോഗികളില്‍ തങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നത് എന്നുപോലും മനസ്സിലാക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് അനുഭവപ്പെടാം. നേരത്തെ പഠിച്ച ചില കാര്യങ്ങള്‍, സ്ഥലങ്ങള്‍, പേര്, പ്രത്യേകമായി നടന്ന ചില സംഭവങ്ങള്‍ എന്നിവയെല്ലാം ഓര്‍മ്മിച്ച് പറയാന്‍ സാധിക്കാത്ത സാഹചര്യങ്ങളും അല്‍ഷിമേഴ്‌സിന്റെ ആദ്യകാല അപകട സൂചനകളാണ്. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടത് പ്രധാനമാണ്. കാരണം ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നത് രോഗം ഗുരുതരമാകാതിരിക്കുന്നതിന് സഹായിക്കും. യുഎസില്‍ അല്‍ഷിമേഴ്‌സ് രോഗം ബാധിച്ച രണ്ട് വ്യക്തികള്‍ക്ക് ജീവിതശൈലിയില്‍ വരുത്തിയ മാറ്റങ്ങള്‍ കൊണ്ട് ഇതിനെ അതിജീവിക്കാന്‍ കഴിഞ്ഞെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗങ്ങള്‍ ഇതാ

1. ആരോഗ്യകരമായ ഭക്ഷണം – പഞ്ചസാര പാനീയങ്ങള്‍, സംസ്‌കരിച്ച ഭക്ഷ്യ വസ്തുക്കള്‍, കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണ്ണമായും ഉപേക്ഷിക്കുക. പകരം, പഴങ്ങള്‍, പച്ചക്കറികള്‍ , പരിപ്പ്, ധാന്യങ്ങള്‍, മത്സ്യം, ചിക്കന്‍, ആരോഗ്യകരമായ എണ്ണകള്‍ തുടങ്ങിയവ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തുക. ഈ ആരോഗ്യകരമായ ഭക്ഷണക്രമം നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിര്‍ത്താന്‍ സഹായിക്കും. അതോടൊപ്പം തലച്ചോറിന്റെ ആരോഗ്യത്തെയും കാത്തുസൂക്ഷിക്കും.

2. വ്യായാമം – ശാരീരിക വ്യായാമങ്ങള്‍ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ് . ദിവസേന കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ഉത്തമമായിരിക്കും. വേഗത കുറിച്ചുള്ള നടത്തം, നീന്തല്‍, നൃത്തം എന്നിവ അനുയോജ്യമായത് അനുസരിച്ച് തെരഞ്ഞെടുക്കാവുന്നതാണ്.

3. മരുന്ന് – മള്‍ട്ടിവിറ്റമിന്‍, മിനറല്‍ സപ്ലിമെന്റ് എന്നിവ കഴിക്കുക. നിങ്ങളുടെ ശരീരം ശരിയായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും ഇത് നല്‍കുന്നു. എന്നിരുന്നാലും, ഏത് സപ്ലിമെന്റുകള്‍ കഴിക്കണമെന്നത് കൃത്യമായി മനസ്സിലാക്കാന്‍ ഒരു ഡോക്ടറെ സമീപിക്കേണ്ടത് പ്രധാനമാണ്.

4. ശാന്തത പാലിക്കുക – ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍, ധ്യാനം, യോഗ എന്നിവ സമ്മര്‍ദ്ദം കുറിച്ച് നമുക്ക് ശരീരത്തിന് ആവശ്യമായ വിശ്രമം നല്‍കാന്‍ സഹായിക്കും. ദിവസേനയുള്ള ജോലി സമ്മര്‍ദ്ദം കുറക്കാന്‍ നിങ്ങള്‍ക്കായി കുറച്ച് സമയം കണ്ടെത്തുക. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ക്ഷേമത്തിന് ഗുണം ചെയ്യും.

5. ശരിയായ ഉറക്കം – ശരിയായി ഉറക്കം ലഭിക്കാത്തത് നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതിനാല്‍ കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും ഒരാള്‍ ഉറങ്ങുന്നത് അല്‍ഷിമേഴ്‌സിനെ പ്രതിരോധിക്കാന്‍ ഒരു പരിധി വരെ സഹായിക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.