ദാമ്പത്യത്തിന് ഹൃദയാരോഗ്യത്തിൽ വലിയ സ്ഥാനമുണ്ട്



വിവാഹം കഴിച്ചാല്‍ എന്ത് ഗുണം, എന്തിനാണ് വിവാഹം കഴിയ്ക്കുന്നത്, ഒറ്റയ്ക്ക് ജീവിച്ചാല്‍ എന്ത് പ്രശ്‌നം. ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ മിക്കവരുടേയും മനസില്‍ ഉണ്ടാകുന്ന ഒന്നാണ്. വിവാഹം കൊണ്ട് ഗുണമാണോ ദോഷമാണോ ഉണ്ടാകുക എന്ന ചോദ്യത്തിന് പൂര്‍ണമായി ഒരുത്തരം നല്‍കാനാവില്ലെങ്കിലും അടുത്തിടെ നടത്തിയ പഠനത്തില്‍ തെളിയുന്ന സംഗതി എല്ലാവരും ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്.

വിവാഹ ബന്ധം ഹൃദയത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. അമേരിക്ക, യൂറോപ്പ്, ഏഷ്യ, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുമുള്ള അന്‍പതിനും എഴുപതിനും ഇടയില്‍ പ്രായമുള്ളവരില്‍ നടത്തിയ പഠനത്തിലാണ് ഇത് തെളിഞ്ഞത്. രണ്ട് ദശലക്ഷത്തോളം വരുന്ന ആളുകളിലായിരുന്നു പഠനം നടത്തിയത്. ആസ്റ്റണ്‍ മെഡിക്കല്‍ സ്‌കൂളിലെ ഡോ. പോള്‍ കാര്‍ട്ടറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പങ്കാളിക്കൊപ്പം ജീവിക്കുന്നവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യത കുറവാണ്.

അതേ സമയം വിവാഹ ബന്ധം പിരിഞ്ഞവര്‍, ജീവിത പങ്കാളി മരിച്ച ശേഷം ഒറ്റയ്ക്ക് കഴിയുന്നവര്‍ എന്നിവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ 42 ശതമാനം സാധ്യതയുണ്ടെന്നും പഠനം പറയുന്നു. ഇവരില്‍ ഹൃദയത്തിലെ ധമനികള്‍ക്ക് അസുഖമുണ്ടാകാന്‍ 16 ശതമാനം വരെ സാധ്യതയാണുള്ളത്. പ്രായമായിട്ടും ജീവിത പങ്കാളിയോടൊപ്പം ജീവിക്കുന്നവരില്‍ പക്ഷാഘാതം ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കുറവാണ്. പ്രമേഹം, കൊളസ്‌ട്രോള്‍ എന്നിവ വരാനുള്ള സാധ്യതയും പങ്കാളികളുള്ളവരില്‍ കുറവാണെന്ന് പഠനം പറയുന്നു. പഠനത്തില്‍ ഇത്രയും കാര്യങ്ങള്‍ തെളിഞ്ഞെങ്കിലും ഇതിന് പിന്നിലുള്ള കാരണത്തെപ്പറ്റി പഠനങ്ങള്‍ പുരോഗമിക്കുകയാണ്.