സൌരാഷ്ട്രത്തിലൂടെ അദ്ധ്യായം 7:സോമനാഥിലേയ്ക്ക് ഒരുയാത്ര

[ad_1]

ജ്യോതിർമയി ശങ്കരൻ 

ഏപ്രില്‍ 3.

രാവിലെ കുളിച്ചു റെഡിയായി ലഗ്ഗേജുമെടുത്തു കണക്കു തീര്‍ത്ത് ഹോട്ടലില്‍ നിന്നും പുറത്തു കടന്നു. ബ്രേക്ക് ഫാസ്റ്റ് സമയത്തും ,ബസ്സിലെത്തുന്ന നേരവും പിന്നീടും ഗ്രൂപ്പിലുള്ള പലരുമായും സംസാരിയ്ക്കാനും പരിചയപ്പെടാനും അവസരങ്ങള്‍ കിട്ടി.എല്ലാവരും വളരെ ഉത്സാഹത്തില്‍ത്തന്നെ. അതല്ലാതെ വരില്ലല്ലോ? എത്ര സുഖകരമായ ജീവിതമാ‍യാലും ദൈനം ദിന കര്‍മ്മങ്ങളുടെ ആവര്‍ത്തനങ്ങളിലെ വിരസതയില്‍ നിന്നുള്ള വിടുതല്‍ ആശ്വാസകരം തന്നെ. സ്ത്രീകളെസ്സംബന്ധിച്ചിടത്തോളം എന്തു വെച്ചുവിളമ്പണമെന്ന കണക്കെടുപ്പുകളില്‍നിന്നുമുള്ള താ‍ത്ക്കാലികമോചനം മാത്രം മതി സന്തോഷവതികളാകാന്‍. സംഭാഷണവിഷയങ്ങള്‍ എന്നിട്ടും പലപ്പോഴും അടുക്കളയും പാചകവും തന്നെയായി മാറുന്നുവെന്നറിയാന്‍ പിന്‍ സീറ്റില്‍ നിന്നും ഉയരുന്ന പാചകക്കുറിപ്പുകളുടെ പങ്കിടല്‍ മാ‍ത്രം മതിയായിരുന്നു.ഒന്നു ചിരിയ്ക്കാതിരിയ്ക്കാനാ‍യില്ല.

ഇന്നത്തെ ദിവസം ദീര്‍ഘമായ യാ‍ത്രയുടേതാണെന്ന് ഗൈഡ് പറഞ്ഞിരുന്നു. ഏതാണ്ട് 450 കിലോ മീറ്റര്‍ ദൂരം ഇത്രയും ചൂടില്‍ ബസ്സില്‍ യാത്രചെയ്യുകയെന്നത് അല്‍പ്പം ദുഷ്ക്കരം തന്നെയാകുമെന്ന് മനസ്സിലോര്‍ത്തു. അടുത്ത താവളം സോമനാഥ് ആണ്. അതിപ്രശസ്തമായ സോമനാഥ് ക്ഷേത്രം സന്ദര്‍ശിയ്ക്കാനും ദര്‍ശനം നടത്താ‍നുമാകും എന്ന ചിന്ത മനസ്സില്‍ സന്തോഷം നിറച്ചു. കുറച്ചൊന്നുമല്ലാ കേട്ടിട്ടുള്ളതും മോഹിച്ചിട്ടുള്ളതും. മുന്‍പു സൂചിപ്പിച്ചതുപോലെ കെ.എം. മുന്‍ഷിയുടെ “ജയ് സോമനാഥ്” എന്ന നോവല്‍ അതിനൊരിത്തിരി ശക്തി കൂട്ടിയെന്നതും സത്യം.ബാഹ്യശക്തികളാല്‍ പലപ്പോഴും അടിച്ചുടയ്ക്കപ്പെട്ടിട്ടും ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റുവരുന്ന ഈ അമ്പലത്തിന്റെ ഇപ്പോഴത്തെ രൂപം സര്‍ദാര്‍ വല്ലഭായ് പാട്ടേലിനാല്‍ വിഭാവനം ചെയ്യപ്പെട്ടതും ക്ഷേത്രത്തിന്റെ ട്രസ്റ്റിന്റെ ചുമതല വഹിച്ചിരുന്ന കെ,. എം. മുന്ഷി‍യുടെ മേല്‍ നോട്ടത്തില്‍ നിര്‍മ്മിയക്കപ്പെട്ടതുമാണെന്ന അറിവ് വീണ്ടും ഉരുക്കു മനുഷ്യനേയും കെ. എം.മുന്‍ഷി എന്ന പ്രതിഭയേയും ഒരിയ്ക്കല്‍ക്കൂടി പ്രണമിയ്ക്കാന്‍ തക്കവണ്ണം മഹത്വമേറിയതു തന്നെയായിരുന്നു.1947 ല്‍ ഇവിടം സന്ദര്‍ശിച്ച സര്‍ദാര്‍ പട്ടേല്‍ ഈ ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന്നായി മുങ്കൈയ്യെടുക്കുകയും 1951ല്‍ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ഡോക്ടര്‍ രാജേന്ദ്രപ്രസാദ് പുതിയ ക്ഷേത്രത്തിന് ശിലാസ്ഥാപനം നടത്തുകയും ചെയ്തു.

ബസ്സിനുള്ളില്‍ ശക്തിയായ ഏ.സി ഒഴുക്കുന്ന കുളിരില്‍ ഇരുന്ന് കത്തിക്കാളുന്ന പുറം വെയിലിലേയ്ക്കു നോക്കിയപ്പോള്‍ കാണുന്ന കാഴ്ച്ചകള്‍ മനസ്സിലേറ്റാ‍ന്‍ തുടങ്ങുന്നതേയുണ്ടായിരുന്നുളളൂ, ഗൈഡിന്റെ മുഴങ്ങുന്ന സ്വരം മൈക്കിലൂടെ. അത്ഭുതത്തോടെ നോക്കുമ്പോള്‍ പതിയെ ഉറക്കത്തിലേയ്യ്ക്ക് വഴുതാന്‍ ശ്രമിയ്ക്കുന്നവര്‍ പോലും ഒരു നിമിഷം ജാഗരൂകരാ‍കുന്നതു കണ്ടു. ഇനിയും വരുന്ന ദിവസങ്ങളിലെ യാത്രകളുടെ വിശദമായ ഒരു രൂപരേഖ ഗൈഡ് രാജു ഞങ്ങള്‍ക്കായി തന്നു. സ്വയം പരിചയപ്പെടുത്താനും അദ്ദേഹം ഈ സമയം വിനിയോഗിച്ചു. ഗ്രൂപ്പിലെ മുഴുവന്‍ പേരോടും മുന്നോട്ടു വന്നു സ്വയം പരിചയപ്പെടുത്താ‍നും എന്തെങ്കിലും രണ്ടുവാക്കു പറയാനും ക്ഷണിച്ചപ്പോള്‍ ആ‍രും തന്നെ മടി കാട്ടിയില്ല. ഗ്രൂപ്പിനു പുതു ജീവന്‍വന്നതു പോലെ ഒരനുഭവം., എല്ലാവരും പരസ്പ്പരം അറിയുന്നവരാ‍ണെന്ന ധാരണ ഇതിലൂടെ കൈ വന്നുവോ എന്നു തോന്നി.പരസ്പ്പരം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ ഇനിയുള്ള ദിവസങ്ങളിലേയ്ക്കു നീങ്ങാന്‍ ഇതു സഹായിച്ചെന്നതു തീര്‍ച്ച.

അഹമ്മദാബാദില്‍ നിന്നും സോമനാഥിലെത്താന്‍ നാഷണല്‍ ഹൈവെ-47 വഴി 410 കിലോമീറ്ററോളം ദൂരമുണ്ട്. പോകുന്ന വഴിയില്‍ ഗിര്‍ വനം കണ്ടതിനുശേഷം സോമനാഥില്‍ എത്താനായിരുന്നു ആദ്യ പ്ലാനെങ്കിലും പിന്നീട് അതു പിറ്റേ ദിവസത്തേയ്ക്കായി സമയക്കുറവിനാല്‍ നീക്കി വയ്ക്കേണ്ടി വന്നു.പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞപ്പോള്‍ ചിലര്‍ ഉറക്കത്തിലേയ്ക്കു വഴുതാന്‍ തുടങ്ങി. ചിലര്‍ സംഭാഷണങ്ങളില്‍ മുഴുകി. ചിലര്‍ പുറം കാഴ്ച്ചകളില്‍ പുതുമ തേടാന്‍ തുടങ്ങി. എല്ലാം വീക്ഷിച്ചു കൊണ്ടു തന്നെ റോഡിലേയ്ക്കു കണ്ണുകളെ പായിച്ചപ്പോള്‍ ആഹ്ലാദിയ്ക്കാനായൊന്നും തന്നെ കാണാനായില്ലയെന്നതായിരുന്നു സത്യം.

മുന്നിലേയ്ക്കു നോക്കിയപ്പോള്‍ കണ്ട പുതിയതായി നിർമ്മിയ്ക്കപ്പെട്ട അഹമ്മദാബാദ് – ജൂനാഗഢ് ഹൈവേ മാത്രം ശരിയ്ക്കും നീണ്ടു നിവർന്നു കിടക്കുന്ന ഒരു കറുത്ത സിൽക്ക് റിബൺ പോലെ തോന്നിച്ചു. കുണ്ടും കുഴിയുമൊന്നുമില്ലാത്ത, വളവോ തിരിവോ സിഗ്നലോ ഇല്ലാത്ത അന്തമില്ലാതെ നീണ്ട് കിടക്കുന്ന ഇത്തരം പാതകൾ സഞ്ചാരപ്രേമികളായ ഡ്രൈവര്‍മാരുടെ സ്വപ്നം തന്നെയാകാം. ഹൈവേയുടെ മദ്ധ്യഭാഗത്തായി കറുത്ത റിബ്ബണിനു നടുവിൽ വരച്ചു വെച്ചിരിയ്ക്കും വിധം കൂട്ടമായി വച്ചു പിടിപ്പിച്ച കുറ്റി ബോഗൈൻ വില്ലച്ചെടികളും മറ്റു ചില പൂച്ചെടികളും കടും നിറങ്ങളിൽ പുഷ്പ്പിച്ചു നിൽക്കുന്ന കാഴ്ച്ച നയനമനോഹരം തന്നെ. വിശാലമായ പാതയുടെ രണ്ടു വശത്തും കാണപ്പെട്ട വയലുകളിലെ പശിമ നിറഞ്ഞ കറുത്ത കളിമൺ പരുത്തിക്കൃഷിയ്ക്കേറ്റവും അനുയോജ്യമായതാണെന്ന് പണ്ട് പഠിച്ചിട്ടുള്ളതോർമ്മ വന്നു.പരുത്തിക്കൃഷി കൂടാതെ കപ്പലണ്ടി ഗുജറാത്തിലെ പ്രധാന കാ‍ര്‍ഷികവിളവിലൊന്നാണെന്നറിയാം. ഇവിടത്തുകാരനാ‍യ ഒരു സുഹൃത്തു പലപ്പോഴും നാട്ടില്‍പ്പോയി വരുമ്പോള്‍ കൊണ്ടുവരാറുള്ള മുഴുത്ത കപ്പലണ്ടിപ്പാക്കറ്റുകള്‍ മനസ്സില്‍ത്തെളിഞ്ഞു.പുകയിലയും ധാരാളമാ‍യി കൃഷിചെയ്യുന്നുണ്ടെന്നറിയാം.ഇതു കൂടാതെ ഗോതമ്പ്, നെല്ല്, ബാജ്ര, ചോളം, തുവര,ജോവര്‍ തുടങ്ങിയവ ഇവിടെ കൃഷിചെയ്യപ്പെടുന്നുണ്ടെന്നു മനസ്സിലാക്കാനാ‍യി.

നാഷണല്‍ ഹൈവേ- 47 ല്‍ രാജ് കോട്ട്-ജുനാഗഢ് വഴി പോകുമ്പോള്‍ 7 മണിക്കൂര്‍ സമയം വേണം സോമനാ‍ഥിലെത്താന്‍ . വഴിയില്‍ ചായ, ഊണ് എന്നിവയ്ക്കായും സമയം പോകും. വൈകീട്ട് 6 മണിയോടെ സോമനാ‍ഥിലെത്താനാകുമെന്നും ഹോട്ടലില്‍ ചെക്ക് ഇന്‍ ചെയ്ത് ഫ്രെഷ് ആയ ശേഷം വൈകീട്ട് സോമനാഥക്ഷേത്രത്തിലെ ദര്‍ശനം മാത്രമാകും ഇന്നത്തെ പരിപാടിയെന്നും ഗൈഡ് പറഞ്ഞിരുന്നു. ഉറങ്ങാന്‍ മൂഡില്ലാത്തതിനാലും വഴിയോരക്കാഴ്ച്ചകള്‍ ഉള്ളിലേറ്റാനുള്ള മോഹം കാരണവും പുറത്തെ കത്തുന്ന വെയിലിലേയ്ക്കു തന്നെ വീണ്ടും കണ്ണുകളെ ഓടിപ്പിച്ചു. താപനില ഇപ്പോള്‍ 45 ഡിഗ്രിയ്ക്കു മുകളില്‍ കാണാതിരിയ്ക്കില്ലെന്നു മനസ്സിലോര്‍ത്തു. ഒരു മേഘ ശകലം പോലുമില്ലല്ലോ സൂര്യനെ മറയ്ക്കാന്‍? അല്ലെങ്കില്‍ ശ്രീബുദ്ധന്‍ പറഞ്ഞത് തന്നെ സത്യം. സൂര്യനേയും ചന്ദ്രനേയും സത്യത്തേയും ആര്‍ക്കു മറയ്ക്കാനാവും, അല്ലേ? പിന്നെയും മേഘങ്ങള്‍ക്കിടയില്‍ നിന്നും സൂര്യന്‍ പുറത്തു വരാതിരിയ്ക്കുമോ?

പാതയുടെ വശങ്ങളില്‍ മാലിന്യത്തിന്നൊരു കുറവുമില്ല. ഇരുവശത്തും അനന്തമായി പരന്നു കിടക്കുന്ന കൃഷിയിടങ്ങള്‍.അധികവും വിളവെടുപ്പു കഴിഞ്ഞ് അടുത്ത വിളയിറക്കാന്‍ സജ്ജമാക്കപ്പെട്ടു വരുന്നു. കറുത്ത മണ്ണ് കാണാന്‍ നല്ല ഭംഗി. കളിമണ്ണിനെപ്പോലെ തോന്നിയ്ക്കുന്നു.പക്ഷെ വളക്കൂറുള്ള മണ്ണു തന്നെയാവണം. പലയിടത്തും ഒരു വിളവെടുപ്പിനുശേഷം നിലം തീ കത്തിച്ചു ചാരമാക്കിയതിന്റെ കരിഞ്ഞ നിറം കാണാനായി.ജനസാന്ദ്രത കുറഞ്ഞ ഇടമാ‍ണധികവും. വളരെക്കുറച്ച് വീടുകള്‍ മാത്രം. വയലില്‍ പണിയെടുക്കാന്‍ വരുന്നവരെ മാ‍ത്രമേ കാണാനുള്ളൂ. അപൂര്‍വ്വമായി കടന്നുപോകുന്ന ട്രക്കുകളിലും പിക്കപ്പുകളിലും യാത്ര ചെയ്യുന്നവരെക്കാണാം. പൊരിവെയിലില്‍ യാതൊരു മറയുമില്ലാതെ ഒരു ട്രക്കിനു പുറകില്‍ നിന്ന് പാ‍ട്ടു പാ‍ടി ഡാന്‍സ് ചെയ്യുന്ന ഒരു സംഘത്തെക്കണ്ടപ്പോള്‍ അത്ഭുതം തോന്നി. ജീവിതം എത്ര ബുദ്ധിമുട്ടു നിറഞ്ഞതാ‍ണെങ്കിലും അത് ആസ്വദ്യകരമാക്കാന്‍ മോഹമുള്ളവരാണ് ഇവിടത്തുകാ‍ര്‍. സഞ്ചാ‍ാരപ്രേമികളും.കൂട്ടം കൂടി നിന്ന് പാട്ടുപാടിക്കളിയ്ക്കുന്ന ഗ്രാമീണ സ്ത്രീകളേയും പുരുഷന്മാരേയും യാത്രയ്ക്കിടയില്‍ പല സ്ഥലങ്ങളിലും കാണാന്‍ കഴിഞ്ഞു.

മുന്നോട്ടു പോകുംതോറും ചിലപ്രത്യേക പാറ്റേണുകള്‍ ശ്രദ്ധയില്‍പ്പെടാതിരുന്നില്ല. അനന്തമായി പരന്നു കിടക്കുന്ന വിശാ‍ലമാ‍യ വയലുകള്‍ക്കപ്പുറം ഒരു ചെറിയ പഞ്ചാബി ധാബ പോലുള്ള ഭക്ഷണശാല, ഒരു ചെറിയ അമ്പലം,ഒരു പെട്രോള്‍ പമ്പ് ഇവ കാണാനാകും. വീണ്ടും പാടങ്ങള്‍ തന്നെ. കൊയ്യാറായ പാടങ്ങള്‍ക്കു നടുവിലൂടെ പോകുന്ന ഇലക്ട്രിസിറ്റി തൂണുകളും കമ്പികളും മരങ്ങള്‍ തീരെ ഇല്ലാത്ത, കുന്നുകള്‍ അതിരിടാത്ത പാടങ്ങള്‍ക്കു നെടുകെയും കുറുകെയും ജ്യോമട്ര് പാറ്റേണുകളില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നു. ഇവയ്ക്ക് അവസാ‍ാനമില്ല എന്നു പോലും തോന്നിപ്പോയി. അപ്പോഴതാ ഒരു പെട്രോള്‍ പമ്പ്. അതിനടുത്തായി ഒരു ധാബ കാണില്ലേ? അതാ ശരിയ്ക്കും ഒരു ധാബ .ഒരു അമ്പലവും അടുത്തെവിടെയെങ്കിലും കാണുമെന്നു കരുതുന്നതിന്നു മുന്‍പായി അത് ദൃഷ്ടിയില്‍പ്പെട്ടു- ഒരു ത്രിമൂര്‍ത്തി ദ്വാരക ടെമ്പിള്‍. ചിരി വന്നു. ഇതെല്ലാം ഇത്തരം യാത്രികര്‍ക്കും ഇവയിലെ ജീവനക്കാര്‍ക്കും മാത്രമായുള്ള സെറ്റപ്പുകളാ‍ായിരിയ്ക്കാം എന്നു തോന്നി. ഇടയ്ക്കിടെ കടന്നു പോകുന്ന പടുകൂറ്റൻ ലോജിസ്റ്റിക് കമ്പനികളുടെ പേരെഴുതിയ പടുകൂറ്റൻ ട്രക്കുകളും ഓയിൽ ടാങ്കറുകളും ഇത്തരം ചെറിയ ഹോട്ടലുകളുടെ മുന്നിലായി നിർത്തിയിടുന്നതും കാണാനായി.

കുറെ പോകുമ്പോള്‍ എവിടെയെങ്കിലും ഒരു മിഡില്‍ക്ലാസ്സ് സെറ്റില്‍ മെന്റു കാണാനായെന്നു വരാം. ഒരു പവര്‍ സ്റ്റേഷനോ ചില ഫാക്ടറികളോ മാത്രം ഉണ്ടാവാം. ഒരിടത്ത് കഫേ കോഫി ഡെ(CCD) കണ്ടപ്പോള്‍ അത്ഭുതം തോന്നാതിരുന്നില്ല. വീണ്ടും വയലുകളും അവയില്‍ കരിമണ്ണുഴുതി മറിച്ചിടുന്ന ട്രാക്ടറുകളും മാത്രം.കുറച്ചു കൂടി മുന്നോട്ടു പോയപ്പോള്‍ ഞങ്ങള്‍ സുരേന്ദ്രനഗര്‍ ജില്ലയിലെ വാദ്ധ്വാന്‍ താ‍ലൂക്കിലെ വസ്തദി എന്ന ഗ്രാമത്തിലെത്തി. ചായ കുടിയ്ക്കാനായി ഒരു ഭക്ഷണശാലയുടെ മുന്നില്‍ ബസ്സ് നിര്‍ത്തി.വൃത്തിയും വെടുപ്പുമുള്ള വിശാലമാ‍യ ഭക്ഷണശാലയില്‍ ഇതുപോലുള്ള വഴിപോക്കര്‍ക്ക് നിന്നു ഭക്ഷണം കഴിയ്ക്കാന്‍ സൌകര്യപ്രദമാ‍യ വിധം ഉയരം കൂടിയ മേശകള്‍. ധാരാളം ആളുകള്‍ നിന്ന് ചായകുടിയ്ക്കുന്നതും സ്നാക്സ് കഴിയ്ക്കുന്നതും കണ്ടപ്പോള്‍ എവിടെ നിന്നോ വിശപ്പ് ഓടിയെത്തി.

രാവിലത്തെ ഉപ്പുമാവ് അധികം കഴിയ്ക്കാന്‍ തോന്നിയിരുന്നില്ല. യാത്രകളില്‍ അധികം ഒന്നും തന്നെ പുറത്തു നിന്നു വാങ്ങിക്കഴിയ്ക്കുകയില്ലെന്നു തീരുമാ‍ാനിച്ചിരുന്ന എനിയ്ക്ക് പുറത്തു വച്ചിരുന്ന മനോഹരമായ ചിത്രങ്ങളോടു കൂടിയ ബോര്‍ഡുകള്‍ കണ്ടപ്പോള്‍ തന്നെ തീരുമാനങ്ങള്‍ മാ‍റ്റാനായി.വലിയ അക്ഷരങ്ങളില്‍ “സ്റ്റീം ധോക്ക് ല, ആലൂ ചാ‍ട്ട്,ദെല്‍ഹി ചാട്ട്, പാപ്പ്ടി ചാ‍ട്ട്,ചണാചാട്ട്, ബോംബെ ഭേല്‍, സമോസ, ഐസ് ഗോല, കച്ചോരി, ദഹി വട, ഭാജി പാ‍വ് എന്നൊക്കെ എഴുതുക മാത്രമല്ല, അവയുടെ ഫോട്ടോ കൂടി ഇട്ടാല്‍പ്പിന്നെ അത് പ്രലോഭനമാ‍യി മാറാതിരിയ്ക്കുന്നതെങ്ങനെ? ചായയും ആവി പറക്കുന്ന സമോസ തുടങ്ങി ചില സ്നാക്സും വാ‍ാങ്ങിക്കഴിച്ചു. വളരെ സ്വാദിഷ്ടം എന്നു പറയാതിരിയ്ക്കാനാവില്ല. കടയുടെ പുറത്തിരിയ്ക്കുന്ന ആള്‍ക്കാ‍രോടു ചോദിച്ചപ്പോള്‍ വസ്തദിയിലാണു ഞങ്ങളെന്നു മനസ്സിലാക്കാ‍നായി.എന്തായാ‍ലും ഈ ലഘുഭക്ഷണശാല ഓര്‍മ്മയില്‍ കുറെയേറെക്കാലം തങ്ങി നില്ക്കുമെന്നുറപ്പായി. മുംബെയിലെത്തിച്ചേര്‍ന്ന പോലെ ഒരു തോന്നലും മനസ്സിലുണ്ടായി.

വീണ്ടും ബസ്സിലിരുന്നു പുറം കാഴ്ച്ചകളെത്തേടുമ്പോള്‍ ജനുവരി 2017ല്‍ നടന്ന എട്ടാമത്തെ “വൈബ്രന്റ് ഗുജരാത്ത് സമ്മിറ്റി“ന്റെ(Vibrant Gujarat Summit-2017) പരസ്യബോര്‍ഡുകള്‍ കണ്ണുകളിലുടക്കി.എല്ലാത്തരം കച്ചവട സാദ്ധ്യതകളേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാ‍നാ‍യുള്ള ഗുജറാത്ത് ഗവണ്മെന്റിന്റെ സദുദ്യമത്തിന്റെ പ്രത്യക്ഷോദാഹരണം മനസ്സില്‍ ഗുജറാത്തികളെക്കുറിച്ചുള്ള ആദരവു വളര്‍ത്തുന്നുവോ? അവിടവിടെയായി ധാരാളമായിക്കാണപ്പെട്ട വിന്‍ഡ് മില്ലുകളിലൂടെ കാറ്റിന്റെ ശക്തിയെ വൈദ്യുതോര്‍ജ്ജമാ‍ക്കി മാ‍റ്റുന്ന മഹത്തായ ലക്ഷ്യത്തിന്റെ വിജയവും കാണാനായി. എത്രയേറെ ഉത്സാഹികളാണിവിടുത്തുകാരെന്നു ചിന്തിയ്ക്കാതിരിയ്ക്കാനായില്ല.

രാജ് കോട്ടിലെ ഒരു ഗ്രാമമായ വീര്‍പൂരില്‍ റോഡ് വക്കിലായുള്ള ഒരു വേപ്പിന്‍ തോട്ടത്തിലെ തണലിലിരുന്ന്‍ ഞങ്ങള്‍ ഉച്ചഭക്ഷണം പങ്കിട്ടു. എത്ര ഹൃദ്യമായ അനുഭവം!റോഡില്‍ ടാര്‍ ഉരുകും വിധം ചൂടാണെങ്കിലും റോഡ് വക്കിലെ ഈ വേപ്പിന്‍ കീഴിലെ ശീതളിമ എന്നെ വല്ലാ‍തെ അത്ഭുതപ്പെടുത്തി.പൂത്തു നില്‍ക്കുന്ന വേപ്പിന്‍മരക്കൊമ്പുകള്‍ കാ‍റ്റിലാ‍ടിയപ്പോള്‍ നല്ല തണുപ്പ്. അല്‍പ്പനേരം ഇരുന്ന ശേഷം വീണ്ടും ബസ്സില്‍ക്കയറുമ്പോള്‍ അസഹ്യമായ ചൂട്. ജൂനാഖഡ്ഡും പിന്നിട്ട് വൈകീട്ട് അഞ്ചുമണിയോടെ ഞങ്ങള്‍ സോംനാഥിലെത്തി.ഹോട്ടല്‍ സുഖ് സാഗറില്‍ ചെക്കിന്‍ ചെയ്തു.മൂന്നാം നിലയിലെ മുറി വളരെ സൌകര്യപ്രദമെന്നു തോന്നി. അല്‍പ്പം വിശ്രമിച്ച് ചായ കുടിച്ചശേഷം ഞങ്ങള്‍ സോമനാഥ് ക്ഷേത്രത്തിലെയ്ക്കാ‍യി പുറപ്പെട്ടു.

 

[ad_2]