വീട്ടിൽ ദീപം തെളിയിക്കുന്നത് വാസ്തു പ്രകാരവും ഏറ്റവും ആവശ്യം


വീടായാല്‍ വിളക്ക് വേണം എന്നൊരു ചൊല്ല് കേരളത്തില്‍ പഴമക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. വാസ്തുശാസ്ത്രവും ദീപവും അഭേദ്യബന്ധമുള്ള രണ്ടു കാര്യങ്ങളാണ്.  വാസ്തു വിധി പ്രകാരം ഓരോ ഗൃഹത്തിലും അഭിവൃദ്ധിയും ഐശ്വര്യവും പകര്‍ന്നു നല്‍കുന്നതില്‍ ദീപങ്ങള്‍ക്കുള്ള പങ്ക് വളരെ വലുതാണ്. അതിരാവിലെയും സന്ധ്യാ സമയങ്ങളിലുമാണ് സാധാരണയായി വീടുകളില്‍ നിലവിളക്ക് കൊളുത്താറുള്ളത്.

അഗ്നിയെ പ്രീതിപ്പെടുത്തുന്നതിനായി വീടിന്‍റെ തെക്കു കിഴക്കേ മൂലയില്‍ ദീപം സ്ഥാപിക്കണമെന്നാണ് വാസ്തു ശാസ്ത്രം അനുശാസിക്കുന്നത്. ഇരുട്ടിനെ അകറ്റി വീടിനുള്ളില്‍ വെളിച്ചം കടത്തുന്നതില്‍ പ്രധാനിയാണ്‌ ദീപം. അതുകൊണ്ട് തന്നെ സന്ധ്യാസമയത്ത് വീടിനു മുന്നില്‍ നിലവിളക്ക് കൊളുത്തുന്ന രീതി ആചരിച്ചു പോന്നിരുന്നു. ആങ്ങനെ കൊളുത്തുന്ന  വിളക്കിന്‍റെ തിരി മേല്‍ക്കൂരയ്ക്ക് അഭിമുഖമായി എരിയണം.

കുളിച്ച് ഈറന്‍ വസ്ത്രങ്ങള്‍ അണിഞ്ഞ് കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകളാണ് പതിവായി വിളക്ക് കൊളുത്താറുള്ളത്. സന്ധ്യാ സമയത്ത് വിളക്ക് കൊളുത്തിയ ശേഷം കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നുള്ള നാമംചൊല്ലല്‍ നടത്തുന്നത് പണ്ടുകാലത്ത് കൂട്ടുകുടുംബങ്ങളിലെ പ്രത്യേകതയായിരുന്നു. ദീപനാളം ഈശ്വര ചൈതന്യത്തിന്‍റെ പ്രതീകമാണെന്നാണ് സങ്കല്‍‌പം.