ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രസാദിപ്പിക്കാൻ ഇവ ശ്രദ്ധിക്കുക



ഭഗവാന്‍ കൃഷ്ണന്‍ ഭാരതീയ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയിലും വളരെയധികം സ്വാധീനിക്കുന്നുണ്ട്. വളരെയധികം ഹിന്ദുക്കള്‍ക്ക് ശ്രീകൃഷ്ണന്‍ എന്നത് ഒരു പ്രഹേളികയാണ്. മഹാവിഷ്ണുവിന്റെ അവതാരമായി, ദുഷ്ടശക്തികളില്‍ നിന്ന് ലോകത്തെ രക്ഷിക്കാന്‍ പിറവിയെടുത്തതാണ് ശ്രീകൃഷ്ണന്‍. വൃന്ദാവനത്തിലെ ഗോപികമാരുടെ മനം കവര്‍ന്ന കള്ളക്കണ്ണനാണവന്‍.
അതെ കൃഷ്ണന്‍ തന്നെയാണ് മഹാ കുരുക്ഷേത്രയുദ്ധത്തിന് കാരണമായവനും പരിഹാരമായവനും. യാദവരെ ജരാസന്ധന്റെ കൈകളില്‍ നിന്ന് മോചിപ്പിച്ച തന്ത്രശാലിയായ രാഷ്ട്രതന്ത്രജ്ഞനും മറ്റാരുമല്ല.

ജന്മാഷ്ടമി എന്ന പുണ്യ ദിവസത്തില്‍ ഭഗവാന്‍ കൃഷ്ണനെ നമ്മുടെ വീട്ടിലെ കൊച്ചുകുട്ടിയായിട്ടാണ് നാം കാണാറുള്ളത്. ജന്മാഷ്ടമി എന്നത് ശ്രീകൃഷ്ണഭഗവാന്റെ പിറന്നാള്‍ ദിനമാണ്. ഇതോടനുബന്ധിച്ച് ശ്രീകൃഷ്ണന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഭഗവാന്‍ കൃഷ്ണന്‍ ഭാരതീയ സംസ്‌കാരത്തെയും പാരമ്പര്യത്തെയും നമ്മുടെ ജീവിതത്തെയും പല രീതിയില്‍ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഭഗവാന്‍ ശ്രീകൃഷ്ണനെ പ്രീതിപ്പെടുത്താന്‍ അദ്ദേഹത്തിന് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ നമുക്ക് വഴിപാടായി ചെയ്യാം.

വെണ്ണ : ഉണ്ണി കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട ആഹാരമാണ് വെണ്ണ. കണ്ണന്‍ വെണ്ണയും മധുരപലഹാരങ്ങളും കട്ടുതിന്നതുമായി ബന്ധപ്പെട്ട് ധാരാളം രസകരമായ കഥകളുമുണ്ട്. ഉറിയില്‍ ഒളിപ്പിച്ച വെണ്ണയാണ് കണ്ണന് ഏറ്റവും പ്രിയപ്പെട്ടത്.

ഇഷ്ടപ്പെട്ട പൂക്കള്‍ : മഹാവിഷ്ണുവിഷ്ണുവിന്റെ അവതാരമായതിനാല്‍ ശ്രീകൃഷ്ണന് ആഡംബരവും ഉയര്‍ന്ന ഗുണവുമുള്ളതിനോടു മമതയുണ്ട്. സുഗന്ധപൂരിതമായ പൂക്കളായ മുല്ലപ്പൂ, രജനീഗന്ധി എന്നിവയൊക്കെയാണ് കൃഷ്ണന്റെ ഇഷ്ട പുഷ്പങ്ങള്‍.

തുളസി : കൃഷ്ണന് ഏറ്റവും ഇഷ്ടം തുളസിയിലയാണ്. ഇതുമായി ബന്ധപ്പെടുത്തി ഒരു കഥയുണ്ട്. പൂര്‍വ്വജന്മത്തില്‍ വിഷ്ണു ഭക്തയായ വൃന്ദ എന്ന രാജകുമാരിയായിരുന്നു തുളസി. പക്ഷെ, വൃന്ദയുടെ ഭര്‍ത്താവായ ശംഖാസുരനെ വധിക്കാനായി മഹാവിഷ്ണു അവളെ വഞ്ചിച്ചു. ഇതില്‍ മനംനൊന്ത് വൃന്ദ അവളുടെ ജീവനൊടുക്കി. എന്നാല്‍, മഹാവിഷ്ണു അവളില്‍ സംപ്രീതനായി അവളെ എന്നെന്നേക്കുമായി തന്റെ ഒപ്പം ചേര്‍ക്കുവാന്‍ തുളസിച്ചെടിയായി അവള്‍ക്ക് പുനര്‍ജന്മമേകി.

ഇഷ്ടപ്പെട്ട നിറം : കണ്ണന് ഏറ്റവും ഇഷ്ടപ്പെട്ട കാര്യങ്ങളെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഇഷ്ടനിറം ഏതാണെന്ന് അറിയാനുള്ള ആകാംഷയുണ്ടാകും അല്ലെ? കൃഷ്ണവിഗ്രഹങ്ങളെ പല നിറങ്ങളിലുള്ള മുണ്ടുടുത്ത് അണിയിച്ചൊരുക്കാറുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന നിറം മഞ്ഞയാണ്. ഇത്തവണ അതുകൊണ്ട് നിങ്ങളുടെ ബാലഗോപാലനെ മഞ്ഞപ്പട്ടുടുപ്പിച്ച് ചുവന്ന തലപ്പാവും അണിയിച്ച് സുന്ദരനാക്കൂ.

തേനും പാലും : ഇത് കൃഷ്ണഭഗവാന്റെ നിവേദ്യമായി ഭക്തര്‍ക്ക് നല്‍കാറുണ്ട്. അത് മാത്രമല്ല, ചില വീടുകളില്‍ ബാലഗോപാലന്റെ വിഗ്രഹം തേനും പാലും കൊണ്ട് അഭിഷേകം ചെയ്യാറുമുണ്ട്. ജന്മാഷ്ടമി നാളില്‍ പഞ്ചാമൃതം ഉണ്ടാക്കുവാനായും തേനും പാലും ഉപയോഗിക്കാറുണ്ട്.

മയില്‍പീലി:  കണ്ണനെയും മയില്‍പീലിയേയും തമ്മില്‍ വേര്‍തിരിക്കാന്‍ സാധിക്കുകയില്ല. ശ്രീകൃഷ്ണഭഗവാന്റെ എല്ലാ ചിത്രങ്ങളിലും വിഗ്രഹങ്ങളിലും അദ്ദേഹത്തിന്റെ കിരീടത്തിലും കൈയ്യിലും മയില്‍പീലി കാണാന്‍ സാധിക്കും.