ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുന്നത് മൂലം രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുകയും ഹൃദയസ്തംഭനം, സ്ട്രോക്ക് എന്നിവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാല്‍ തന്നെ ശരീരത്തില്‍ ആവശ്യമായ അളവില്‍ മാത്രമേ കൊളസ്‌ട്രോള്‍ ഉള്ളൂവെന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. കൊളസ്‌ട്രോള്‍ വന്‍ തോതില്‍ വര്‍ദ്ധിക്കുമ്പോള്‍ വലിയ തോതില്‍ ലക്ഷണങ്ങള്‍ ഉണ്ടാകില്ലെങ്കിലും പെട്ടെന്ന് മനസിലാക്കാന്‍ കഴിയുന്ന ചില ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണാന്‍ കഴിയും. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ രക്തപരിശോധന നടത്തണം.
പലപ്പോഴും അമിതവണ്ണമാണ് കൊളസ്ട്രോളിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നായി കാണാറുള്ളത്. എന്നാല്‍, കാലിലും കൊളസ്ട്രോള്‍ കൂടുന്നതിന്റെ ചില ലക്ഷണങ്ങള്‍ കാണാന്‍ കഴിയുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കൂടുമ്പോള്‍ കാലിലേക്ക് രക്തം എത്തിക്കുന്ന ചില ധമനികളുടെ പ്രവര്‍ത്തനവും തടസപ്പെടും. ഇത് മൂലം കൊളസ്‌ട്രോള്‍ ഉയരുന്നത് മൂലം കാലുകള്‍ക്കും പ്രശ്‍നങ്ങള്‍ ഉണ്ടാകും. കാലുകള്‍ക്ക് തണുപ്പ് തോന്നും.
ഏത് ചൂട് കാലാവസ്ഥയിലും നിങ്ങളുടെ കാലുകള്‍ക്ക് തണുപ്പ് തോന്നിയാല്‍ അത് ശ്രദ്ധിക്കണം. കാരണം ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ഇത് സംഭവിക്കാം. കൂടാതെ, ഇത് പെരിഫെറല്‍ ആര്‍ട്ടറി ഡിസീസിന്റെയും ലക്ഷണമാകാം. ഈ രോഗാവസ്ഥയില്‍ ഒരു കാലിന് മാത്രമാകും തണുപ്പ് തോന്നുക. ഈ പ്രശ്‌നം നിങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ആരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടണം.
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നതിന്റെ മറ്റൊരു ലക്ഷണമാണ് കാല്‍ വേദന. കാലിലേക്ക് രക്തയോട്ടം കുറയുന്നതും ആവശ്യത്തിന് ഓക്സിജന്‍ എത്താത്തതുമാണ് ഇതിന് കാരണമാകുന്നത്. ഇതുമൂലം കാലിന് ഭാരം തോന്നുകയും, ക്ഷീണം തോന്നുകയും ചെയ്യും. നടത്തം, ഓട്ടം, പടികള്‍ കയറുക എന്നീ സമയത്തൊക്കെ കാലുകള്‍ക്ക് വേദനയുണ്ടാകും. അതിനാല്‍ തന്നെ ഇത്തരത്തില്‍ വേദനയുണ്ടാകുകയാണെങ്കില്‍ ശ്രദ്ധിക്കണം. ത്വക്കിന് നിറവ്യത്യാസം ഉണ്ടാകും.
കൊളസ്‌ട്രോളിന്റെ അളവ് കൂടുന്നത് മൂലം ത്വക്കിലേക്കുള്ള രക്തയോട്ടം കുറയും. ഇത് മൂലം കോശങ്ങള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതെയാകും. ഇത് ത്വക്കിന്റെ നിറത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും. നിങ്ങള്‍ കാല്‍ ഉയര്‍ത്തുമ്പോള്‍ നിങ്ങളുടെ കാലിന്റെ നിറം മങ്ങുകയോ കാലുകള്‍ താഴ്ത്തിയിട്ട് ഇരിക്കുമ്പോള്‍ കാലുകളുടെ നിറം നീലയാകുകയോ ചെയ്യുകയാണെങ്കില്‍ ശ്രദ്ധിക്കണം.