ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് വലിയൊരു കാരണമാണ് നമ്മുടെ ഭക്ഷണത്തിലെ പോരായ്കകള്‍. അതുകൊണ്ട് തന്നെ വലിയൊരളവ് വരെ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് നമ്മുടെ ഡയറ്റ് തന്നെ മെച്ചപ്പെടുത്തിയാല്‍ മതിയാകും.
ഇത്തരത്തില്‍ ഭക്ഷണത്തിലെ പോരായ്മകള്‍ കൊണ്ടോ, അല്ലെങ്കില്‍ ചൂട് കൊണ്ടോ, നിര്‍ജലീകരണം (ഡീഹൈഡ്രേഷൻ) കൊണ്ടോ എല്ലാം ക്ഷീണം അനുഭവപ്പെടുന്നത് പതിവാണെങ്കില്‍ ഇതില്‍ നിന്ന് ആശ്വാസം ലഭിക്കാൻ സഹായിക്കുന്നൊരു ജ്യൂസിനെ കുറിച്ചാണിനി പങ്കുവയ്ക്കാനുള്ളത്.
നെല്ലിക്ക, ഇഞ്ചി, കസ് കസ് എന്നിവയാണ് ഈ ജ്യൂസിന് ആകെ വേണ്ട ചേരുവകള്‍. ഇവ മൂന്നും തന്നെ പലവിധ ആരോഗ്യഗുണങ്ങളുള്ള ഭക്ഷണസാധനങ്ങളാണ്.
നെല്ലിക്ക ശരിക്കും ഒരു മരുന്ന് എന്ന പോലെയാണ് പരമ്പരാഗതമായി തന്നെ കണക്കാക്കപ്പെടുന്നത്. വൈറ്റമിൻ-സിയുടെ നല്ലൊരു സ്രോതസാണ് നെല്ലിക്ക. അതിനാല്‍ ഇത് രോഗ പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇതിലൂടെ നമ്മുടെ തളര്‍ച്ചയെ മറികടക്കാനും ഒപ്പം പലവിധ അണുബാധകളെയോ അസുഖങ്ങളെയോ ചെറുക്കാനും സാധിക്കുന്നു.
ഇഞ്ചിയും ഇതുപോലെ തന്നെ പരമ്പരാഗതമായി മരുന്ന് എന്ന നിലയില്‍ കണക്കാക്കിപ്പോരുന്ന ഒന്നാണ്. പല അണുബാധകളെയും ചെറുക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഇഞ്ചി സഹായിക്കുന്നു. ഇതിലൂടെ നാം നേരിടുന്ന തളര്‍ച്ചയെ അതിജീവിക്കാനും സാധിക്കുന്നു.
കസ് കസ്, ഫൈബര്‍- പ്രോട്ടീൻ – ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവയുടെ മികച്ച സ്രോതസാണ്. ഇത് കഴിക്കുന്നതിലൂടെ ഉന്മേഷവും ഉണര്‍വുമുണ്ടാകുന്നു.
ഇവ മൂന്നും ചേര്‍ത്ത് തയ്യാറാക്കുന്ന ജ്യൂസാണ് പതിവായി കഴിക്കേണ്ടത്. ഇനി എങ്ങനെയാണ് ഈ ജ്യൂസ് തയ്യാറാക്കുന്നത് എന്നത് കൂടി മനസിലാക്കാം.
ഒന്നോ രണ്ടോ നെല്ലിക്ക, ഒരിഞ്ച് നീളത്തിലുള്ള ഇഞ്ചി, ഒരു ടീസ്പൂണ്‍ കസ് കസ് എന്നിവയെടുക്കുക. നെല്ലിക്കയും ഇഞ്ചിയും ഇളം ചൂടുവെള്ളത്തില്‍ കഴുകി വൃത്തിയാക്കിയെടുക്കുക. കസ് കസ് വെള്ളത്തില്‍ കുതിര്‍ത്താനിടുക. നെല്ലിക്ക ചെറുതായി മുറിച്ച് ഇഞ്ചിയും ചേര്‍ത്ത് നന്നായി അരച്ചെടുക്കുക. ഇനിയിതിലേക്ക് കുതിര്‍ത്തിയ കസ്കസും ചേര്‍ക്കുക. ശേഷം ഇഷ്ടാനുസരണം വെള്ളവും ചേര്‍ത്ത് ജ്യൂസ് പരുവത്തിലാക്കിയ ശേഷം കുടിക്കാം.