[ad_1]
കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ബോബി ചെമ്മണ്ണൂർ രാത്രി കിടന്നുറങ്ങിയത് മോഷണം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലെ പ്രതികൾക്കൊപ്പം. പത്തുപേർക്ക് കിടക്കാവുന്ന എ ബ്ലോക്കിലെ ഒന്നാമത്തെ സെല്ലിലാണ് ബോബി ചെമ്മണ്ണൂരിനെ പാർപ്പിച്ചിരിക്കുന്നത്. മോഷണം, ലഹരിമരുന്ന് കച്ചവടം തുടങ്ങിയ കേസുകളിലെ പ്രതികളാണ് ബാക്കി അഞ്ചുപേരും. ഇന്നലെ രാത്രി 7.10-ഓടെയാണ് ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത്.
ജയിലിലെത്തി പായയും പുതപ്പും വാങ്ങി സെല്ലിലെത്തിയതിന് പിന്നാലെ ബോബിക്ക് കഴിക്കാൻ ജയിൽ ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകി. വൈകിട്ട് അഞ്ചു മണിയാണ് ജയിലിലെ അത്താഴ സമയം. ഇന്നലെയും കാക്കനാട് ജില്ലാ ജയിലിലെ അന്തേവാസികൾക്കെല്ലാം അഞ്ചുമണിക്ക് തന്നെ ഭക്ഷണം നൽകിയിരുന്നു. എന്നാൽ, കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാൽ ബോബി ചെമ്മണ്ണൂർ ഭക്ഷണം കഴിച്ചിട്ടിരുന്നില്ല. ഇക്കാര്യം പോലീസ് അറിയിച്ചതോടെയാണ് ജയിലിൽ സമയം തെറ്റിയിട്ടും ബോബിക്ക് ചപ്പാത്തിയും വെജിറ്റബിൾ കറിയും നൽകിയത്.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ജയിലിന് മുന്നിൽവെച്ചും ബോബി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാം നിങ്ങളോട് പിന്നീട് പറയാമെന്നും ബോബി പ്രതികരിച്ചു. തന്റെ കാൽ വീണ് പൊട്ടിയിരിക്കുകയാണെന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞ ശേഷമാണ് ബോബി ജയിലിനുള്ളിലേക്ക് പ്രവേശിച്ചത്.
ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു ശേഷം ബോബി ചെമ്മണൂരിനെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനായി പുറത്തിറക്കിയപ്പോൾ ബോച്ചെ ആരാധകർ പ്രതിഷേധിച്ചു. അവർ പോലീസ് വണ്ടി തടയാൻ ശ്രമിച്ചു. പ്രതിഷേധം വകവയ്ക്കാതെ പോലീസ് വാഹനം മുന്നോട്ടെടുത്ത് വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കോടതിയിൽനിന്ന് വൈദ്യപരിശോധനയ്ക്കായി ബോബി ചെമ്മണൂരിനെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അവിടെ രക്തസമ്മർദവും ഇ.സി.ജി. പരിശോധനയും നടത്തി.
ഇതിനിടെ ബോബിയെ ഫാനില്ലാത്ത ഇരുട്ടുള്ള മുറിയിലാണ് ഇരുത്തിയിരിക്കുന്നതെന്ന പരാതിയുമായി ചിലർ ഡോക്ടർമാരെ സമീപിച്ചു. അവർ ഡോക്ടറുമായി സംസാരിക്കുമ്പോൾ, പോലീസ് ബോബിയെ പുറത്തിറക്കി വാഹനത്തിൽ കയറ്റി. ഇതോടെ ചിലർ ഓടിയെത്തി വണ്ടിക്കുമുന്നിൽനിന്ന് തടയാൻ ശ്രമിച്ചു. മതിയായ ചികിത്സ നൽകാതെയാണ് ബോച്ചെയെ കൊണ്ടുപോകുന്നതെന്നും മനുഷ്യാവകാശങ്ങളുടെ ലംഘനമാണിതെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാർ വാഹനത്തിനു മുന്നിലേക്ക് കൂടുതലായി എത്തും മുൻപ് പോലീസ് വേഗത്തിൽ ഓടിച്ചുപോകുകയായിരുന്നു.
[ad_2]