വയനാട് ഡിസിസി ട്രഷററുടെ മരണം : ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെ കേസ്

[ad_1]

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷററായിരുന്ന എന്‍ എം വിജയന്റെ മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ.

ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. എന്‍ എം വിജയന്റെ മരണത്തില്‍ പോലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കേസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു.

സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പോലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു.

ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പഴുതടച്ച അന്വേഷണമാണ് നടക്കുന്നത്. സുല്‍ത്താന്‍ബത്തേരി ഡിവൈഎസ്പി കെ കെ അബ്ദുല്‍ഷരീഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഇതിനിടെ ആരോപണ വിധേയനായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.

[ad_2]