നെടുമങ്ങാട് കാർ റോഡരികിലെ കുറ്റിയിൽ ഇടിച്ച് മറിഞ്ഞു : രണ്ടര വയസ്സുകാരന് ദാരുണാന്ത്യം


തിരുവനന്തപുരം : നെടുമങ്ങാട് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസ്സുകാരന്‍ മരിച്ചു. ആര്യനാട്-പറണ്ടോട് സ്വദേശി വിഷ്ണു-കരിഷ്മ ദമ്പതികളുടെ മകന്‍ ഋതിക് ആണ് മരിച്ചത്.

നെടുമങ്ങാട് പുതുകുളങ്ങരയിൽ ഇന്നലെ അര്‍ധരാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ച് മറിയുകയായിരുന്നു. പിന്‍വശത്തെ സീറ്റിലായിരുന്ന കുഞ്ഞ് ഇടിയുടെ ആഘാതത്തില്‍ ഡോര്‍ തുറന്നു പോയതിനെ തുടര്‍ന്ന് തെറിച്ച് പുറത്തേക്ക് വീഴുകയായിരുന്നു.

കുട്ടിയുടെ മുകളിലേക്ക് കാര്‍ മറിയുകയും ചെയ്തു. ഋതിക് സംഭവ സ്ഥലത്തു തന്നെ മരിച്ചു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.