കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് 405കോടിയുടെ സഹായം അനുവദിച്ച കേന്ദ്രസർക്കാരിന് അഭിനന്ദനങ്ങൾ നേർന്ന് കെ സുരേന്ദ്രൻ
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിന് കേരളത്തിന് 405 കോടി സഹായം അനുവദിച്ച് കേന്ദ്രസർക്കാരിനെ അഭിനന്ദിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് നൂറു കോടി രൂപ വീതമടക്കം ആകെ നാനൂറ്റഞ്ച് കോടിയാണ് അനുവദിച്ചിരിക്കുന്നത്.
ഉന്നതവിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പി എം ഉഷ പദ്ധതിയ്ക്ക് കീഴിലുള്ള സമഗ്ര ധനസഹായ പാക്കേജ് അംഗീകരിക്കുകയായിരുന്നു. ഇത് കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ സമഗ്രമായ മുന്നേറ്റത്തിന് വേഗത നൽകും. മലബാറിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ നാഴികക്കല്ലാവും ഈ സഹായം എന്നകാര്യത്തിൽ തർക്കമില്ല.
എം ജി സര്‍വ്വകലാശാലയ്ക്ക് ഇരുപതു കോടി രൂപ ലഭിക്കും. സനാതന ധര്‍മ്മ കോളേജ് ആലപ്പുഴ. മാറമ്പള്ളി എം ഇ എസ് കോളേജ്, കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്, മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്, ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കോഴിക്കോട് സാമൂറിന്‍ ഗുരുവായൂരപ്പന്‍ കോളേജ്, മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജ്, പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, എല്‍ത്തുരുത്ത് സെന്റ് അലോഷ്യസ് കോളേജ്, മുട്ടില്‍ ഡബ്‌ള്യു എം ഓ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവയ്ക്കാണ് അഞ്ചു കോടി രൂപ വീതം നല്‍കും.
വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് പത്തു കോടി രൂപ വീതവും ലഭിക്കും. കേരളത്തിനോട് നരേന്ദ്രമോദി സർക്കാർ കാണിക്കുന്ന കരുതലിന്റെ അവസാനത്തെ ഉദാഹരണമാണ് 405 കോടിയുടെ സഹായമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.