കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സഹോദരനെയും, മാതൃസഹോദരനെയും വെടിവച്ചുകൊന്ന കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 20 ലക്ഷം രൂപ പിഴയും വിധിച്ചു. കാഞ്ഞിരപ്പള്ളി കരിമ്പനാൽ ജോർജ് കുര്യനെയാണ് കോട്ടയം അഡീഷനൽ സെഷൻസ് കോടതി ശിക്ഷിച്ചത്.
വിധിയിൽ സംതൃപ്തരാണെന്നും പരമാവധി ശിക്ഷ ലഭിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പറഞ്ഞു. കരിമ്പനാൽ വീട്ടിൽ രഞ്ജു കുര്യൻ (50), മാതൃസഹോദരനും പ്ലാന്ററുമായ കാഞ്ഞിരപ്പള്ളി പൊട്ടംകുളം മാത്യു സ്കറിയ (78) എന്നിവരെയാണ് ജോർജ് കുര്യൻ കൊലപ്പെടുത്തിയത്.
വെടിവെച്ചു കൊല്ലണമെന്ന ലക്ഷ്യത്തോടെ തോക്കുമായി മനഃപൂർവം വീട്ടിൽ അതിക്രമിച്ചു കയറൽ , കൊലപാതകം , വെടിവെച്ച ശേഷം വീടിനു പുറത്തിറങ്ങി തോക്കുകാട്ടി വധഭീഷണി മുഴക്കി എന്നീ കുറ്റങ്ങൾ ജോർജ് കുര്യൻ ചെയ്തിട്ടുണ്ടെന്ന് കോടതി കണ്ടെത്തി.
സ്വത്ത് തർക്കത്തെ തുടർന്ന് 2022 മാർച്ച് ഏഴിനായിരുന്നു സംഭവം. പ്രതി സുപ്രീം കോടതിയടക്കം വിവിധ കോടതികളിൽ ജാമ്യഹർജികൾ നൽകിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. തുടർന്ന് വിചാരണ തടവുകാരനായി ഇയാൾ കോട്ടയം സബ് ജയിലിൽ കഴിഞ്ഞുവരികയാണ്. കാഞ്ഞിരപ്പള്ളി പോലീസാണ് കേസ് അന്വേഷിച്ച് കോടതിൽ കുറ്റപത്രം സമർപ്പിച്ചത്.