വീടിന്റെ ടെറസിൽ നിന്നും പോലീസ് ഐസ്‌ക്രീംബോംബ് പിടിച്ചെടുത്തു: സിപിഎം പ്രവർത്തകൻ അറസ്റ്റിൽ


ഉളിക്കൽ (കണ്ണൂർ): വീടിന്റെ ടെറസിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഐസ്‌ക്രീംബോംബുകൾ പോലീസ് പിടിച്ചെടുത്തു. വീട്ടുടമയായ പരിക്കളത്തെ മൈലപ്രവൻ ഗിരീഷിനെ (35) പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ ഒൻപതു മണിയോടെ ഇയാളുടെ വീടിനു സമീപം സ്ഫോടനത്തിന്റെ ശബ്ദം കേട്ടിരുന്നു വെന്ന് സമീപവാസികൾ പോലീസിനോട് പറഞ്ഞു.

വീടിന്റെ പിൻഭാഗത്തായി സ്‌ഫോടനം നടന്നതിന്റെ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഉളിക്കൽ ഇൻസ്‌പെക്ടർ അരുൺദാസിന്റെ നേതൃത്വത്തിൽ പോലീസ് ടെറസിൽ കയറി പരിശോധന നടത്തിയത്. ഇവിടെ നടത്തിയ പരിശോധനയിൽ പെയിന്റിന്റെ ബക്കറ്റിൽ ഒളിപ്പിച്ച നിലയിൽ മൂന്ന് ഐസ്‌ക്രീംബോംബുകൾ കണ്ടെത്തി.

കണ്ണൂരിൽ നിന്ന് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയാണ് നേതൃത്വം നൽകിയത്. പെയിന്റിന്റെ ബക്കറ്റിൽ മണൽ നിറച്ച് അതിൻമേൽ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ. മൂന്ന് ബക്കറ്റുകളിലായിരുന്നു ഓരോ ബോംബും. നാലാമത് ഒരു ബക്കറ്റ് ഉണ്ടായിരുന്നുവെങ്കിലും അതിൽ ബോംബുണ്ടായിരുന്നില്ല. നേരത്തെ ബി.ജെ.പി. പ്രവർത്തകനായിരുന്ന ഗിരീഷ് കഴിഞ്ഞ വർഷമാണ് സി.പി.എമ്മിൽ ചേർന്നത്.