ചേവായൂർ സംഘർഷം: കോഴിക്കോട് ഇന്ന് കോൺഗ്രസ് ഹർത്താൽ


കോഴിക്കോട് ഇന്ന് കോൺഗ്രസ് ഹർത്താൽ. ചേവായൂര്‍ സഹകരണ ബാങ്കില്‍ സിപിഐഎം അതിക്രമമെന്നാരോപിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇന്നലെ നടന്ന ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെയായിരുന്നു സംഘർഷം.

വോട്ടര്‍മാരെ എത്തിക്കുന്ന വാഹനങ്ങൾക്കുനേരെ അക്രമം നടന്നു. പറയഞ്ചേരി ഗവ. ഹയർ സെക്കന്‍ഡറി സ്‌കൂളിലാണ് വോട്ടെടുപ്പ് നടന്നത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലായിരുന്നു വോട്ടെടുപ്പ്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലും സിപിഎം പിന്തുണയ്ക്കുന്ന കോണ്‍ഗ്രസ് വിമതരും തമ്മിലാണ് മത്സരം. ബാങ്ക് സംരക്ഷണസമിതി എന്ന പേരിലാണ് വിമതര്‍ മത്സരിക്കുന്നത്.

ആക്രമണത്തിനു പിന്നിൽ സിപിഎം പിന്തുണയുള്ള ബാങ്ക് സംരക്ഷണ സമിതിയാണെന്നു കോൺഗ്രസ് ആരോപിച്ചു. സിപിഐഎം പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. രണ്ട് കൂട്ടരും രണ്ട് ഭാഗത്തായി തടിച്ചുകൂടി. ചെറിയ തോതില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ലാത്തിവീശി. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം കെ രാഘവന്‍ എംപി ആരോപിച്ചു.