കോഴിക്കോട്: കോഴിക്കോട് എകരൂലില് ഗർഭസ്ഥശിശു മരിച്ചതിന് പിന്നാലെ അമ്മയും മരണപ്പെട്ട സംഭവം ചികിത്സാപ്പിഴവ് മൂലമാണെന്ന ആരോപണവുമായി ബന്ധുക്കൾ. എകരൂല്‍ ഉണ്ണികുളം സ്വദേശി ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും കുഞ്ഞുമാണ് മരിച്ചത്. വ്യാഴാഴ്ച പുലർച്ചെയാണ് കുഞ്ഞ് മരിച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു.
read also: എഡിജിപി-ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, കുറ്റം പറയാന്‍ ആര്‍ക്കാണ് ഇവിടെ യോഗ്യത: പ്രതികരിച്ച് സുരേഷ് ഗോപി
സംഭവത്തേക്കുറിച്ച് ബന്ധുക്കളുടെ വാക്കുകൾ ഇങ്ങനെ,
കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി ഉള്ള്യേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പ്രസവ വേദന ഉണ്ടാകാത്തതിനെത്തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും മരുന്നുവെച്ചു. ബുധനാഴ്ച ഉച്ചയായപ്പോഴേക്കും വേദനയുണ്ടായെങ്കിലും പ്രസവം നടന്നില്ല. സിസേറിയൻ നടത്താമെന്ന് അശ്വതിയും ബന്ധുക്കളും ആവശ്യപ്പെട്ടെങ്കിലും സാധാരണരീതിയില്‍ പ്രസവം നടക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
പിന്നീട് വ്യാഴാഴ്ച പുലർച്ചെ അശ്വതിയെ സ്ട്രെച്ചറില്‍ ഓപ്പറേഷൻ തിയേറ്ററിലേക്ക്കൊണ്ടുപോകുന്നതാണ് ബന്ധുക്കള്‍ കണ്ടത്. പിന്നീട് ഗർഭപാത്രം തകർന്ന് കുട്ടി മരിച്ചുവെന്നും ഗർഭപാത്രം നീക്കിയില്ലെങ്കില്‍ അശ്വതിയുടെ ജീവനും അപകടത്തിലാകുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ബന്ധുക്കളുടെ അനുമതിയോടെ ഗർഭപാത്രം നീക്കംചെയ്തു. ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അശ്വതിയെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട്ടെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച വൈകിട്ടോടെ മരണം സംഭവിച്ചത്.
അമ്മയും കുഞ്ഞും മരിക്കാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന് കാണിച്ച് ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്കി. അശ്വതിയുടെ രണ്ടാമത്തെ പ്രസവമാണിത്.