പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പൊലീസിൽ കൂട്ടസ്ഥലംമാറ്റം


മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ മലപ്പുറം പൊലീസിൽ വൻ അഴിച്ച് പണിയുമായി സംസ്ഥാന സർക്കാർ. പിവി അൻവർ പോലീസ് സമ്മേളന വേദിയിൽ വച്ച് അപമാനിച്ച മലപ്പുറം എസ്‌പി എസ് ശശിധരനെ സർക്കാർ സ്ഥലംമാറ്റി. ഏറെ വിവാദമായ മരംമുറി കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ താനൂർ ഡിവൈഎസ്‍പി ബെന്നിയേയും സർക്കാർ സ്ഥലം മാറ്റിയിട്ടുണ്ട്. അതേസമയം, അൻവറിന്‍റെ അനിഷ്ടത്തിന് കാരണക്കാരായ ഉദ്യോഗസ്ഥരെ മാറ്റിയപ്പോഴും ഗുരുതര ആരോപണം നേരിടുന്ന എഡിജിപി എം.ആർ അജിത് കുമാറിന് ഇപ്പോഴും സർക്കാറിന്‍റെ സംരക്ഷണമാണ്.

എസ്.പിയെയും 16 ഡിവൈഎസ്പിമാരെയും അടക്കം കൂട്ട സ്ഥലമാറ്റമാണ് മലപ്പുറത്തെ പോലീസിൽ സർക്കാർ നടത്തിയത്. പിവി അൻവറിന്‍റെ അനിഷ്ടത്തിന് ഇരയായവരാണ് സ്ഥലം മാറ്റപ്പെട്ട ഉന്നത് ഉദ്യോഗസ്ഥർ. എസ്‌പി എസ് ശശിധരനെ എറണാകുളത്ത് വിജിലൻസിലേക്ക് ആണ് മാറ്റിയിരിക്കുന്നത്.
ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറർ ജില്ലാ ക്രൈംബ്രാഞ്ചിലേക്കും മാറ്റി. മലപ്പുറത്തെ ഡിവൈഎസ്പിമാർക്കും സ്ഥലം മാറ്റം നൽകിയിട്ടുണ്ട്. മലപ്പുറത്തെ സ്പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെ എല്ലാം സബ് ഡിവിഷനിലെ ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. പൊലീസ് ആസ്ഥാന എഐജി വിശ്വനാഥ് ആയിരിക്കും പുതിയ മലപ്പുറം എസ്പി.

നേരത്തെ ക്യാമ്പ് ഓഫീസിന് മുന്നിൽ ഒറ്റയാൻ സമരം ചെയ്തിട്ടും നടപടിയെടുക്കാതിരുന്ന സർക്കാർ ഇപ്പോൾ എസ്.പിയെ അടക്കം എല്ലാവരെയും സ്ഥലം മാറ്റി.

അജിത് കുമാറിനെതിരെ ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. സ്ഥലം മാറ്റപ്പെട്ടവരേക്കാൾ അൻവറിന്‍റെ പരാതിയിൽ ഗൗരവമുള്ള പ്രശനം ഉണ്ടായത് എഡിജിപിയ്ക്കും പി ശശിയ്ക്കുമെതിരായ പരാതിയിലായിരുന്നു. എന്നാൽ മലപ്പുറം എസ്.പി അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലം മാറ്റി തൽക്കാലം അൻവറിനെ തണുപ്പിക്കുക എന്നതാണ് സർക്കാർ നീക്കത്തിന് പിന്നിലെന്നാണ് സൂചന. ലൈംഗികാരോപണം ഉൾപ്പെടെയുള്ള വിഷയങ്ങൾ ആയിരുന്നു പിന്നീട് മലപ്പുറം പോലീസിനെതിരെ ഉയർന്നിരുന്നത്.