വിഷ്ണുജിത്തിനെ കാണാതായിട്ട് 6 ദിവസം: ഫോണ്‍ ലൊക്കേഷന്‍ ഊട്ടി കുനൂര്‍ കേന്ദ്രീകരിച്ച്, അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
മലപ്പുറം: മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. വിഷ്ണുവിനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസമാണ്. വിഷ്ണു മേട്ടുപ്പാളയം വഴി പോയതായിട്ടാണ് പൊലീസിന് ഏറ്റവുമൊടുവില്‍ ലഭിച്ച വിവരം. കാണാതായതിന് ശേഷം വിഷ്ണുജിത്തിന്റെ ഫോണ്‍ ഒരു തവണ ഓണായിട്ടുണ്ട്. ഫോണ്‍ ഓണായ ഊട്ടി-കുനൂര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.
Read Also: ചെന്നൈയിൽ വാഹനാപകടം: കോഴിക്കോട് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു, 2 പേർക്ക് ഗുരുതര പരിക്ക്
കഴിഞ്ഞ നാലാം തീയതിയാണ് മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിനെ കാണാതാകുന്നത്. കുറച്ച് പണം കിട്ടാനുണ്ടെന്നും ഉടന്‍ തിരിച്ച് വരാമെന്നും പറഞ്ഞാണ് വിഷ്ണുജിത്ത് നാലാം തീയതി പാലക്കാട്ടേക്ക് പോയത്. എന്നാല്‍ പിന്നീട് ഫോണ്‍ സ്വിച്ച് ഓഫായി. പാലക്കാട് കഞ്ചിക്കോട് ഐസ്‌ക്രീം കമ്പനിയില്‍ ജോലിക്കാരനാണ് വിഷ്ണുജിത്ത്.
അതേസമയം സാമ്പത്തിക ഇടപാടിന്റെ പേരില്‍ സഹോദരനെ ആരെങ്കിലും പിടിച്ചു വെക്കുകയോ അപായപ്പെടുത്തുകയോ ചെയ്‌തോയെന്ന് ആശങ്കയുണ്ടെന്ന് വിഷ്ണുജിത്തിന്റെ സഹോദരി ജസ്‌നപറഞ്ഞു. അവസാനം വിളിച്ച ഒരു സുഹൃത്തിനോട് പറഞ്ഞത് എന്തോ ഇഷ്യൂ ഉണ്ട്, അത് തീര്‍ത്തിട്ട് വരാം എന്നാണ്. ഒരാള്‍ക്ക് കുറച്ച് പൈസ കൊടുക്കാനുണ്ട്. അത് കൊടുത്ത് തീര്‍ത്തില്ലെങ്കില്‍ കുറച്ച് സീനാണെന്ന് സഹോദരന്‍ സുഹൃത്തിനെ വിളിച്ച് പറഞ്ഞതായായി ജസ്‌ന പറഞ്ഞു.
അതിനിടെ നാലാം തീയതി വിഷ്ണു പാലക്കാട് ബസ്റ്റാന്റില്‍ നിന്നും ബസ് കയറുന്ന സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മലപ്പുറം പള്ളിപ്പുറം സ്വദേശിയായ വിഷ്ണുജിത്തിന്റെ വിവാഹം മഞ്ചേരി സ്വദേശിനിയായ യുവതിയുമായി നടക്കേണ്ടിയിരുന്നത്. ഇവര്‍ വര്‍ഷങ്ങളായി സുഹൃത്തുക്കളാണ്.