അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ സര്‍വീസ് സഹകരണ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു


കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായാണ് കൃഷ്ണപ്രിയ ജോലിയില്‍ പ്രവേശിച്ചത്. കഴിഞ്ഞ ദിവസമാണ് സഹകരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ജോലിയില്‍ പ്രവേശിച്ച ശേഷം കൃഷ്ണപ്രിയ വൈകാരികമായി പ്രതികരിച്ചു. അര്‍ജുനായി നടത്തുന്ന തെരച്ചിലില്‍ കര്‍ണാടക സര്‍ക്കാരിനെ വിശ്വാസമുണ്ടെന്നും ഡ്രെഡ്ജര്‍ എത്രയും പെട്ടന്ന് എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ പറഞ്ഞു. തങ്ങളെ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്നും കൃഷ്ണപ്രിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തെരച്ചില്‍ പുനരാരംഭിക്കുമെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്നും ലഭിച്ചതായി കുടുംബം പറഞ്ഞു. ഡ്രെഡ്ജര്‍ എത്തിക്കാനുള്ള മുഴുവന്‍ ചിലവും കര്‍ണാടക സര്‍ക്കാര്‍ വഹിക്കും. ഗോവയില്‍ നിന്നാണ് ഡ്രെഡ്ജര്‍ എത്തിക്കുന്നത്. ജൂലായ് 16നാണ് ദക്ഷിണ കന്നഡയിലെ ഷിരൂരില്‍ പനവേല്‍ – കന്യാകുമാരി ദേശീയപാതയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ അര്‍ജുനെ കാണാതായത്. സമീപത്തെ ഗംഗാവലി പുഴ കേന്ദ്രീകരിച്ചാണ് വീണ്ടും തിരച്ചില്‍ പുനരാരംഭിക്കുക.