‘മാതാപിതാക്കള്‍ക്കൊപ്പം പോവണ്ട’: 13 കാരിയെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോവാൻ വീട്ടുകാരുടെ ശ്രമം, തടഞ്ഞ് പൊലീസ്



തിരുവനന്തപുരം: മാതാപിതാക്കള്‍ക്കൊപ്പം പോകാൻ തയ്യാറല്ലെന്ന് വീട് വിട്ടിറങ്ങിയ അസം സ്വദേശിനിയായ പതിമൂന്നുകാരി. കൗണ്‍സിലിങിനുശേഷം കുട്ടിയെ വീട്ടിലേക്ക് വിളിക്കാൻ മാതാപിതാക്കള്‍ എത്തിയെങ്കിലും പോകാൻ കുട്ടി കൂട്ടാക്കിയില്ല. നിർബന്ധിച്ച്‌ കൊണ്ടുപോകാൻ രക്ഷിതാക്കള്‍ ശ്രമിച്ചപ്പോള്‍ സിഡബ്ല്യുസി അധികൃതര്‍ ഇടപെടുകയും പൊലീസ് എത്തി മാതാപിതാക്കളെ തിരിച്ചയക്കുകയും ചെയ്തു.

അമ്മ വഴക്കു പറഞ്ഞതിനെ തുടർന്ന് കഴക്കൂട്ടത്തെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ 13 കാരിയായ പെണ്‍കുട്ടിയെ വിശാഖപട്ടണത്തുനിന്നായിരുന്നു കണ്ടെത്തിയത്. കേരളത്തിലേക്ക് തിരിച്ചെത്തിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങിപ്പോകില്ല എന്ന നിലപാടിലായിരുന്നു പെണ്‍കുട്ടി. തുടർന്നാണ് കുട്ടിക്ക് കൗണ്‍സിലിങ് നല്‍കിയത്.

ഒരാഴ്ചയ്ക്ക് ശേഷമുള്ള കൗണ്‍സിലിങ്ങിന് ശേഷമാണ് കുടുംബത്തെ കാണാനുള്ള അവസരം ഒരുക്കിയത്. വീട്ടിലേക്ക് വരാന്‍ മാതാപിതാക്കള്‍ പറഞ്ഞെങ്കിലും കുട്ടി തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച്‌ കൊണ്ടുപോകാനായി വീട്ടുകാരുടെ ശ്രമം. പെണ്‍കുട്ടി ഇതിനെ എതിര്‍ക്കുകയും കരയുകയും ചെയ്തതോടെ പൊലീസ് ഇടപെടുകയായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം പോകാൻ തയ്യാറാകാതിരുന്ന കുട്ടിയെ ശിശുക്ഷേമ സമിതിയിലേക്ക് മാറ്റി.