തന്നെ, താന്‍ ആക്കി മാറ്റിയ പ്രസ്ഥാനമാണ് സിപിഎം, മരണം വരെ ചെങ്കൊടിയ്ക്കൊപ്പം: പി.വി അന്‍വര്‍ എംഎല്‍എ
മലപ്പുറം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കും എഡി.ജി.പി എം.ആര് അജിത് കുമാറിനും മുന്‍ മലപ്പുറം എസ് പിയും എതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെ ഫേസ്ബുക്കില്‍ പോസ്റ്റുമായി നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. പി.വി.അന്‍വര്‍ തന്നെ, താന്‍ ആക്കി മാറ്റിയ പ്രസ്ഥാനമാണ് സിപിഐഎം എന്നും, പാര്‍ട്ടി അംഗത്വമില്ല. പക്ഷേ,സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഒരാളായി താനുമുണ്ട്. മരണം വരെ ഈ ചെങ്കൊടി തണലില്‍ തന്നെ ഉണ്ടാകുമെന്നും പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്
സി.പി.ഐ.എം..
പി.വി.അന്‍വര്‍ എന്ന എന്നെ,
ഞാന്‍ ആക്കി മാറ്റിയ പ്രസ്ഥാനം..
പാര്‍ട്ടി അംഗത്വമില്ല.
പക്ഷേ,സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്കിടയില്‍ ഒരാളായി ഈ ഞാനുമുണ്ട്.മരണം വരെ ഈ ചെങ്കൊടി തണലില്‍ തന്നെ ഉണ്ടാകും.
പി.വി അന്‍വര്‍ ഞായറാഴ്ച മലപ്പുറത്ത് നടത്തിയ പത്രസമ്മേളനത്തില്‍ എഡി.ജി.പി എം.ആര് അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കും മുന്‍ മലപ്പുറം എസ് പിയും ഇപ്പോള്‍ പത്തനംതിട്ട എസ് പിയുമായ സുജിത് ദാസിനും എതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചത്. എം ആര് അജിത് കുമാര്‍ ഏറ്റവും വലിയ ദേശദ്രോഹിയാണ്. ദാവൂദ് ഇബ്രാഹിം ആണ് അജിത്കുമാറിന്റെ റോള്‍ മോഡല്‍. മുഖ്യമന്ത്രി ഏല്‍പ്പിച്ച ദൗത്യം പോലീസ് ഉദ്യോഗസ്ഥര്‍ സത്യസന്ധമായി നിര്‍വഹിച്ചോ എന്നാണ് തന്റെ ചോദ്യമെന്നും. മുഖ്യമന്ത്രി പറയുന്നത് കേള്‍ക്കാതെ ഇല്ലായ്മ ചെയ്യാന്‍ പ്രവര്‍ത്തിക്കുന്ന ഒരു ഗ്രൂപ്പാണ് എം.ആര് അജിത് കുമാര്‍ അടങ്ങുന്നവരെന്നും അന്‍വര്‍ ആരോപിച്ചു.