അന്‍വറിന്റെ ആരോപണങ്ങളുടെ എല്ലാ വശങ്ങളും പാര്‍ട്ടിയും സര്‍ക്കാരും പരിശോധിക്കും: എം.വി ഗോവിന്ദന്‍


കണ്ണൂര്‍: പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണത്തോട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. എല്ലാം പാര്‍ട്ടിയും സര്‍ക്കാരും ഗൗരവത്തോടെ പരിശോധിക്കുമെന്ന് എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിക്കും. ആവശ്യമായ നിലപാട് സ്വീകരിക്കും. പറഞ്ഞതില്‍ എല്ലാമുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഇന്നലെയാണ് എഡിജിപിക്കെതിരെ അന്‍വര്‍ ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്.

അതിനിടെ, എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ പിവി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങള്‍ വിവാദമാകുന്നതിനിടെ മുഖ്യമന്ത്രിയും എഡിജിപിയും ഇന്ന് ഒരു വേദിയില്‍ എത്തും. കോട്ടയത്ത് നടക്കുന്ന പൊലീസ് അസോസിയേഷന്റെ സംസ്ഥാന സമ്മേളന സമാപന വേദിയിലാണ് മുഖ്യമന്ത്രിയും എഡിജിപിയും ഒന്നിച്ച് പങ്കെടുക്കുന്നത്. ഭരണപക്ഷ എംഎല്‍എ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രിയോ എഡിജിപിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അന്‍വറിന്റെ ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയിരുന്നു. മുഖ്യമന്ത്രിക്കും എഡിജിപിക്കും പുറമേ ഡിജിപി ഷെയ്ക്ക് ദര്‍വേശ് സാഹിബും പരിപാടിയില്‍ പങ്കെടുക്കും.