വയനാട് ദുരിതബാധിതര്‍ക്ക് 6 ലക്ഷം രൂപ നല്‍കും: പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍


തിരുവനന്തപുരം: വയനാട് ദുരിതബാധിതര്‍ക്ക് 6 ലക്ഷം രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 40 ശതമാനം മുതല്‍ 60 ശതമാനം വരെ വൈകല്യം ബാധിച്ചവര്‍ക്ക് 50000 രൂപ നല്‍കും. 60 ശതമാനത്തിലധികം വൈകല്യം വന്നവര്‍ക്ക് 75000 രൂപയും നല്‍കും. മരിച്ചവരുടെയും കാണാതായവരുടെയും ആശ്രിതര്‍ക്ക് സഹായം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.

ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50000 രൂപയും നല്‍കും. കാണാതായവരുടെ പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും. രേഖകള്‍ വീണ്ടെടുക്കാന്‍ മാര്‍ഗനിര്‍ദേശം ഇറക്കി. ദുരന്തത്തില്‍ ഇനിയും 118 പേരെയാണ് കണ്ടെത്താനുള്ളത്. 238 മൃതദേഹങ്ങളും 206 ശരീര ഭാഗങ്ങളും കണ്ടെത്തി.

ദുരിത ബാധിതര്‍ക്ക് സൗജന്യ താമസമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മന്ത്രിസഭാ യോഗത്തില്‍ ഉരുള്‍പൊട്ടല്‍ ചര്‍ച്ചയായി. ദുരിതബാധിതര്‍ക്ക് വാടകവീടിലേക്ക് മാറാന്‍ പ്രതിമാസം 6000 രൂപ നല്‍കും.ബന്ധുവീടുകളില്‍ കഴിയുന്നവര്‍ക്കും പ്രതിമാസം 6000 രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.