യുവതിയുടെ കാര്‍ ഭര്‍ത്താവ് വിറ്റു: സംഭവവുമായി ബന്ധപ്പെട്ട് 20 അംഗ സംഘം കാര്‍ വാങ്ങിയ ആളെ വീടുകയറി ആക്രമിച്ചു



കോഴിക്കോട്: കോഴിക്കോട് താമരശ്ശേരിയില്‍ വീട്ടില്‍ കയറി ആക്രമണം. വീട്ടുടമ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. വാഹന വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. താമരശ്ശേരി ചുങ്കം സ്വദേശി അഷ്‌റഫിന്റെ വീട്ടിലാണ് 20 ലധികം വരുന്ന സംഘമെത്തി ആക്രമണം നടത്തിയത്. നാല് കാറുകളിലും ബൈക്കുകളിലുമായിട്ടായിരുന്നു ഈ സംഘം എത്തിയത്. വാഹനവില്‍പനയുമായി ബന്ധപ്പെട്ട് നടന്ന തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് ഇപ്പോള്‍ പൊലീസ് പറയുന്നത്.

Read Also: ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13കാരന്‍ ഷോക്കേറ്റ് മരിച്ചു

ഈ സംഘത്തില്‍ ഒരു യുവതിയുമുണ്ടായിരുന്നു. യുവതിയുടെ കാര്‍ ഇവരറിയാതെ ഭര്‍ത്താവ് അഷ്‌റഫിന് വിറ്റുവെന്നാണ് പറയുന്നത്. അഷ്‌റഫ് അഡ്വാന്‍സ് നല്‍കിയിരുന്നു. എന്നാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ നടന്നിരുന്നില്ല. ഈ വിവരം അറിഞ്ഞ യുവതി ആളുകളുമായി വീട്ടിലേക്ക് എത്തുകയും അഷ്‌റഫുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അഷ്‌റഫിനെയും കുടുംബത്തെയും മര്‍ദ്ദിക്കുകയുമായിരുന്നു എന്നാണ് പരാതി.

വീട്ടുടമ അഷ്റഫ്, അമ്മ കുഞ്ഞാമിന, ഭാര്യ ബുഷ്റ, മകന്‍ റയാന്‍ എന്നിവരാണ് ഇപ്പോള്‍ തലശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവത്തില്‍ 7 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നാലും വാഹനങ്ങളും കസ്റ്റഡിയിലുണ്ട്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ പിടിയിലാകാനുണ്ടെന്ന് പൊലീസ് പറയുന്നു.