കോഴിക്കോട് വാണിമേലില്‍ തുടര്‍ച്ചയായി 9 തവണ ഉരുള്‍പൊട്ടി: 12 വീടുകള്‍ ഒലിച്ചുപോയി, ഒരാളെ കാണാതായി


കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വാണിമേല്‍ പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാളെ കാണാതായി. 12 വീടുകള്‍ പൂര്‍ണമായും ഒലിച്ചു പോയി. രണ്ട് പാലങ്ങളും നിരവധി വ്യാപാര സ്ഥാപനങ്ങളും തകര്‍ന്നു. കോഴിക്കോട് വാണിമേല്‍ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലിലാണ് ഒരാളെ കാണാതായത്.

കഴിഞ്ഞ രാത്രിയാണ് കോഴിക്കോടിന്റെ വടക്കന്‍ മേഖലയില്‍ ഉരുള്‍ പൊട്ടല്‍ ഉണ്ടായത്. വാണിമേല്‍ പഞ്ചായത്തിലെ വിലങ്ങാടും സമീപ സ്ഥലങ്ങളായ അടിച്ചിപ്പാറ, മഞ്ഞച്ചീളി, കുറ്റല്ലൂര്‍, പന്നിയേരി മേഖലകളില്‍ തുടര്‍ച്ചായി 9 തവണ ഉരുള്‍പൊട്ടി. മയ്യഴി പുഴയുടെ പ്രഭവ കേന്ദ്രമായ പുല്ലുവ പുഴയിലൂടെ മലവെള്ള പാച്ചിലില്‍ വലിയ പാറകല്ലുകളും മരങ്ങളും ഒഴുകി വന്നു. ഇതിന്റെ തീരത്തെ 12 വീടുകള്‍ ഒലിച്ചു പോയി. നിരവധി വാഹനങ്ങള്‍ തകര്‍ന്നു.

ഉരുള്‍ പൊട്ടുന്ന ശബ്ദം കേട്ട് നാട്ടുകാരെ സഹായിക്കാന്‍ ഇറങ്ങിയ കുളത്തിങ്കല്‍ മാത്യൂ എന്ന മത്തായിയെയാണ് കാണാതായത്. പുഴ കടന്നു പോകുന്ന 5 കിലോമീറ്റര്‍ വ്യാപ്തിയില്‍ വ്യാപക നാശനഷ്ടം ഉണ്ടായി. വിലങ്ങാട് ടൗണില്‍ കടകളില്‍ വെള്ളം കയറി. നിരവധി കടകളും രണ്ട് പാലങ്ങളും തകര്‍ന്നു. ഇതോടെ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. എന്‍ഡിആര്‍ എഫും ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.