മഴക്കെടുതിയിൽ സഹായ ഹസ്തമൊരുക്കാൻ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ: വോളന്റീയർ രജിസ്ട്രേഷൻ ആരംഭിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. വയനാട് മുണ്ടക്കൈ ദുരന്തം മടക്കം സംസ്ഥാനം നേരിടുന്ന മഴക്കെടുതിയിൽ ദുരിതബാധിതരെ സഹായിക്കാൻ തിരുവനന്തപുരം നഗരസഭ സുസ്സജ്ജമാണെന്ന് മേയര്‍ ആര്യാ രാജേന്ദ്രൻ. ഇതിന്റെ ഭാഗമായി കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ വോളൻ്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ ആരംഭിച്ചതായും മേയര്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

read also: ‘മീനുകള്‍ കുപ്പിയില്‍ നീന്തുന്നു, ആള്‍ക്കാരുടെ ജീവൻ വച്ചാണോ കളി’- പൊട്ടിക്കാത്ത ബിയറില്‍ പച്ചപായല്‍, വിമർശനം

കുറിപ്പ് പൂർണ്ണ രൂപം

സംസ്ഥാനത്ത് അതിതീവ്രമായ മഴക്കെടുതിയാണ് ഉണ്ടായത്. രൂക്ഷമായ മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ ദുരിതബാധിതർക്ക് എന്ത് സഹായവും എത്തിക്കാൻ നഗരസഭ സുസ്സജ്ജമാണ്. വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് അവശ്യസാധനങ്ങൾ അയയ്ക്കണമെന്ന ആവശ്യവുമായി നിരവധി പേർ ബന്ധപ്പെടുന്നുണ്ട്. ഈ വിഷയം ബഹു. മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞതിൻ പ്രകാരം സ്പെഷ്യൽ ഓഫീസർ ശ്രീ സാംബശിവ റാവുവും വയനാട് ജില്ലാ കളക്ടർ ശ്രീമതി മേഘശ്രീയുമായും ചർച്ച ചെയ്തു.

നിലവിൽ അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പ് വരുത്തിയിട്ടുണ്ട് എന്നാണ് ഇരുവരും അറിയിച്ചത്. എന്തെങ്കിലും സാധസാമഗ്രികൾ ആവശ്യമായി വന്നാൽ ഉടനടി ബന്ധപ്പെടാമെന്നും ഇരുവരും അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും അവശ്യവസ്തുക്കൾ എത്തിക്കേണ്ട എന്ത് ആവശ്യം വന്നാലും ഉടനടി എത്തിക്കുവാനുള്ള എല്ലാ ക്രമീകരണങ്ങളും നഗരസഭയിൽ തയ്യാറാണ്. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്ന് അറിയിപ്പ് വരുന്നതിന്റെ അടുത്ത നിമിഷം കളക്ഷൻ ആരംഭിക്കാൻ കഴിയും.

കളക്ഷൻ പോയിന്റുകൾ ആരംഭിക്കേണ്ടി വന്നാൽ അവിടെ പ്രവർത്തിക്കാനും, രക്ഷാപ്രവർത്തനത്തിന് പോകേണ്ടി വന്നാൽ അതിനും സന്നദ്ധരായ വോളൻ്റിയർമാരുടെ രജിസ്ടേഷൻ നടപടികൾ നഗരസഭ ആരംഭിച്ചുകഴിഞ്ഞു. ദുരിതബാധിത പ്രദേശങ്ങളിൽ എന്താവശ്യത്തിനും സഹായവുമായി എത്താൻ തിരുവനന്തപുരം നഗരസഭ സുസജ്ജമാണ്.

വോളന്റീയർ രജിസ്ട്രേഷന്റെ ലിങ്ക്
https://smarttvm.tmc.lsgkerala.gov.in/volunteer